
ചെക്ക് റിപ്പബ്ലിക്കില്‍ കൂട്ടിലിട്ടു വളര്‍ത്തിയിരുന്ന സിംഹത്തിന്‍റെ ആക്രമണത്തില്‍ ഉടമ കൊല്ലപ്പെട്ടു . ഉടമയായ മൈക്കല്‍ പ്രാസേക്ക് എന്ന യുവാവിനെയാണ് വളര്‍ത്തിയിരുന്ന സിംഹം കടിച്ചു കൊന്ന നിലയില്‍ വീട്ട് മുറ്റത്തെ സിംഹകൂട്ടില്‍ കണ്ടെത്തിയത്. മൈക്കല്‍ വീട്ടില്‍ വളര്‍ത്തിയ ഒന്‍പത് വയസുള്ള ആണ്‍സിംഹത്തിന്‍റെയും ഇണയായ പെണ്‍സിംഹത്തിന്‍റെയും ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നിയമപരമായ അനുമതി ഇല്ലാതെയാണ് ഇയാള്‍ രണ്ട് സിംഹങ്ങളെ വീട്ടില്‍ വളര്‍ത്തിയിരുന്നത്. കഴിഞ്ഞ ദിവസത്തില്‍ പതിവില്ലാത്ത ശബ്ദം കേട്ട് അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തിയപ്പോഴേക്കും സിംഹങ്ങള്‍ മൃതദേഹത്തിന്‍റെ കുറേ ഭാഗം തിന്നു തീര്‍ത്തിരുന്നു. തുടര്‍ന്ന് സിംഹങ്ങളെ വെടിവച്ചു കൊന്നതിന് ശേഷമാണ് മൈക്കിളിന്‍റെ മൃതദേഹം പുറത്തെടുത്തത്. 2016 കാലം മുതലാണ് മൈക്കില്‍ ആണ്‍സിംഹത്തെ വീട്ടില്‍ വളര്‍ത്താന്‍ ആരംഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പെണ്‍സിംഹത്തെയും കൊണ്ടുവന്നു. വന്യജീവികളെ വീടിനുള്ളില്‍ നിയമവിരുദ്ധമായി വളര്‍ത്തിയതിന് ഇയാള്‍ക്ക് പിഴയടക്കേണ്ടി വന്നിരുന്നു. വന്യ മൃഗങ്ങളെ വളര്‍ത്തിയിരുന്നതിനാല്‍ ആരെയും വളപ്പിലേക്ക് കയറാന്‍ മൈക്കില്‍ അനുവദിച്ചിരുന്നില്ല.
എന്നാല്‍, സിംഹങ്ങളുമായി അടുത്തിടപഴകുന്നതിനും കളിക്കുന്നതിനുമായി ഇയാള്‍ ഇവയുടെ കൂട്ടില്‍ കയറുന്നതു പതിവായിരുന്നു. കൂടിനുള്ളില്‍ മൃഗങ്ങളുമായി അടുത്തിടപഴകുന്ന വിഡിയോകളും ഫോട്ടോകളും മൈക്കില്‍ ഫേസ് ബുക്ക് പേജില്‍ പങ്കുവയ്ക്കാറുമുണ്ട്. സാധാരണ കൂടിനകത്ത് ഇവയുമായി കളിക്കാന്‍ കയറുമ്പോള്‍ അകത്തുനിന്നു കുറ്റിയിടാറുണ്ട്. അതുകൊണ്ട്തന്നെ പതിവു പോലെ സിംഹത്തിന്‍റെ സമീപത്തേക്കു പോയപ്പോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണോ അതോ മനപൂര്‍വം സിംഹത്തിന്‍റെ മുന്നിലേക്കു മരിക്കാനെത്തിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
