തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് ഇന്ന് 95 ാം പിറന്നാള്‍. പതിവ് പോലെ ആഘോഷങ്ങളില്ലാതെയായിരിക്കും ഇത്തവണയും പിറന്നാള്‍. ആലപ്പുഴ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20 നാണ് വി.എസ് അച്യുതാനന്ദന്‍ ജനിച്ചത്. നാലാം വയസില്‍ അമ്മയും 11 ാം വയസില്‍ അച്ഛനും നഷ്ടപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടില്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി. കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിലെന്ന പോലെ ജീവിതചര്യയിലും ചിട്ടനിര്‍ബന്ധമാക്കിയ നേതാവാണ് വി.എസ്. അതാണ് 95ാം വയസിലും രാഷ്ട്രീയത്തില്‍ നില്‍ക്കുന്നതിന്റെ പ്രധാന കാരണം. സി.പി.എം എന്ന പ്രസ്ഥാനത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് ആര് എന്ന ചോദ്യത്തിന് ഇന്നും ഉള്ള ഒരേ ഒരു ഉത്തരം വി.എസ് എന്ന് മാത്രമാണ്.
പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സംഘടനയുടെ വേലിക്ക് പുറത്തേക്ക് പോകുമെന്ന് തോന്നിയ ഘട്ടങ്ങളിലെല്ലാം വി.എസിന് തുണയായതും ഈ ജനപ്രീതി തന്നെയാണ്. അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. സ്ത്രീകളെ ചൂഷണം ചെയ്തവര്‍ക്കും പരിസ്ഥിതിയെ നശിപ്പിക്കുന്നവര്‍ക്കുമെതിരെ വി.എസ് നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗവുമാണ്. പ്രായം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കുറച്ച് നാളായി അലട്ടാറുണ്ടെങ്കിലും നാടിനെ ബാധിക്കുന്ന വിഷയങ്ങളില്‍ വി.എസിന്റെ നിലപാട് രാഷ്ട്രീയ കേരളത്തില്‍ ഇപ്പോഴും പ്രസക്തമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം.
വി.എസ് അച്യുതാനന്ദന് ഇന്ന് 95 -ാം പിറന്നാള്‍