
ഗോവ : കഴിഞ്ഞ ദിവസം ഗോവ നിയമസഭയിൽ മുഖ്യമന്ത്രി മനോഹർ പരീക്കർ നടത്തിയ പ്രസംഗത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഗോവയിലെ ബീഫ് ലഭ്യതയുമായി ബന്ധപ്പെട്ട് മനോഹര്‍ പരീക്കര്‍ നടത്തിയ പ്രസ്താവനയാണ് വി.എച്ച്.പിയെ ചൊടിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി നേതാവും, മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും, ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിനെതിരെ രൂക്ഷവിമര്‍ശനമാണ് സ്വന്തം പാളയത്തുനിന്ന് തന്നെ ഉണ്ടായിരിക്കുന്നത്. ഗോവയില്‍ ബീഫിന് ഒരിക്കലും ക്ഷാമമുണ്ടാകില്ലെന്നും അഥവാ ക്ഷാമമുണ്ടായാല്‍ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുമെന്നുമായിരുന്നു മനോഹര്‍ പരീക്കര്‍ പറഞ്ഞത്. ക്ഷാമമുണ്ടാകുന്ന അവസരങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് ബീഫ് എത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

അംഗീകൃത അറവുശാലയായ ഗോവ മീറ്റ് കോപ്ലക്സില്‍ ദിവസവും 2000 കിലോ ബീഫ് വിതരണം ചെയ്യുന്നുണ്ടെന്നും അതുകൊണ്ട് തന്നെ മീറ്റ് കോപ്ലക്സിലേക്ക് അറവുമൃഗങ്ങളെ കൊണ്ടു വരുന്നതിന് ഒരു നിയന്ത്രണവും സര്‍ക്കാര്‍ ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടിപറയുകയായിരുന്നു പരീക്കർ. എന്നാൽ ഈ മറുപടി ബി ജെ പി യിലെ ചില അംഗങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. കൂടാതെ പരീക്കറിന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ച വി.എച്ച്.പി എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു.
