വിഷുവിനെ വരവേല്‍ക്കാന്‍ ഗള്‍ഫ് മലയാളികളും ഒരുങ്ങി.

  • Post category:news
  • Reading time:2 mins read
You are currently viewing വിഷുവിനെ വരവേല്‍ക്കാന്‍ ഗള്‍ഫ് മലയാളികളും ഒരുങ്ങി.

ഷാര്‍ജ: മലയാളി മനസ്സുകളില്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് പടികടന്നെത്തുന്ന വിഷുവിനെ ഹൃദയപൂര്‍വ്വം വരവേല്‍ക്കാന്‍ പ്രവാസിലോകവും ഒരുങ്ങി കഴിഞ്ഞു. ഇക്കുറി വിഷു വെള്ളിയാഴ്ച ദിനത്തില്‍ വന്നണയുന്നത് പ്രവാസികളുടെ വിഷു ആഘോഷത്തിന് പൊലിമ കൂട്ടും. ഗള്‍ഫ് നാടുകളില്‍ മലയാളി സമൂഹം വിഷു ആഘോഷപൂര്‍വ്വം കൊണ്ടാടാനുള്ള തയ്യാറെടുപ്പിലാണ്. പതിവ് പോലെ ഇത്തവണയും കണികാണാനും ഉണ്ണാനും ഉടുക്കാനുമുള്ള എല്ലാ വസ്തുക്കളും കേരളത്തില്‍ നിന്നെത്തും. ഗള്‍ഫ് നാടുകളിലെ കച്ചവട കേന്ദ്രങ്ങള്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി. വിഷുക്കണിക്ക് ആവശ്യമായ ഓട്ടുരുളി, അരി, നെല്ല്, മുണ്ട്, പൊന്ന്, വാല്‍കണ്ണാടി, കണി വെള്ളരി, നിലവിളക്ക്, നാളികേരം, ശ്രികൃഷ്ണ വിഗ്രഹം, ചക്ക, മാങ്ങ എന്നിവയെല്ലാം വിപണികളില്‍ നിറഞ്ഞിട്ടുണ്ട്. വെറ്റിലയും പഴുത്ത അടക്കയും കണി ഒരുക്കാന്‍ ആവശ്യമാണെങ്കിലും വെറ്റിലക്ക് ഇവിടെ വിലക്കുള്ളതിനാല്‍ അത് കിട്ടില്ല. വിഷുദിനത്തോടനുബന്ധിച്ച് ബര്‍ദുബൈയിലെ ശിവ, ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തുന്നവര്‍ക്കായി ഇത്തവണ കൂടുതല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ക്ഷേത്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പൂക്കടകളില്‍ കൊന്നപൂക്കള്‍ സുലഭമായി ലഭിക്കും. പക്ഷെ വില കുറച്ച് കടുക്കുമെന്ന് മാത്രം! യു.എ.ഇയിലെ കാര്‍ഷിക മേഖലകളും ഇക്കുറി ഉഷാറിലാണ്.

അടുത്ത നാളില്‍ ഗള്‍ഫ് നാടുകളില്‍ കനത്ത മഴ പെയ്തിരുന്നു പച്ചക്കറി കൃഷിക്ക് അത് ഗുണം ചെയ്യുകയുണ്ടായി. വിളഞ്ഞ് പാകമായ പച്ചക്കറികളാണ് തോട്ടങ്ങളില്‍ നിന്ന് യു.എ.ഇയിലെ കമ്പോളങ്ങളിലേക്ക് വണ്ടി കയറുന്നത്. യു.എ.ഇയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി ചന്തയായ ദുബൈയിലെ റാസല്‍ഖോറിലും മറ്റും വിഷു ആഘോഷത്തിനുള്ള കായ്കറികള്‍ എത്തിച്ചേരും. മഴ ലഭിച്ചതോടെ മരുഭൂമിയിലെ കൊന്നമരങ്ങളിലെല്ലാം പുത്തന്‍ ഇലകള്‍ നിറഞ്ഞിട്ടുണ്ട്. വിഷു ദിനത്തിന്റെ ഗ്രാമീണ രുചിയോര്‍മയായ ‘വിഷുക്കട്ട’ ഒരുക്കാനുള്ള ചേരുവകളും കമ്പോളങ്ങളില്‍ സുലഭം. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേര്‍ത്ത് വറ്റിച്ചാണ് ‘വിഷുക്കട്ട’ ഉണ്ടാക്കുന്നത്. ഇതിന് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശര്‍ക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ കൂട്ടിയാണ് വിഷുസദ്യ കഴിക്കുക. കുടുംബത്തിലെ കാരണവര്‍ പനസം (ചക്ക) വെട്ടുന്നതോടെയാണ് വിഷുവിന്റെ വരവറിയുന്നതെന്ന പഴമൊഴി ശരിവെക്കും വിധം ഇക്കുറി ചക്കയും ഇഷ്ടം പോലെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ എത്തിയിട്ടുണ്ട്. ഒരു കഷ്ണം ചക്കക്ക് 10 ദിര്‍ഹമാണ് കുറഞ്ഞ നിരക്ക്. വിഷു സദ്യയില്‍ മാമ്പഴപുളിശ്ശേരി നിര്‍ബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ ഉണ്ടാവും. തൊടികളില്‍ ചക്കയും മാങ്ങയും നിറഞ്ഞു നില്‍ക്കുന്ന കാലത്താണല്ലോ വിഷുവന്നെത്തുന്നത്, അത് കൊണ്ടുണ്ടായ സദ്യ രീതിയായിരിക്കാം ഇതെന്നാണ് കണക്കാക്കുന്നത്. എന്തായാലും മലയാളികളെ പ്രകൃതിയിലേക്ക് അടുപ്പിക്കുന്ന കാര്‍ഷികോത്സവമാണല്ലോ വിഷു. കേരളീയരെ ആകര്‍ഷിക്കാനായി കടകമ്പോളങ്ങള്‍ കൊന്നപൂക്കളും കണിവെള്ളരിയും മറ്റും വെച്ച് അലങ്കരിക്കുന്ന പതിവ് ഈ ദിനങ്ങളില്‍ ഗള്‍ഫിലെ കൗതുക കാഴ്ചയാണ്.

0Shares