വിഷുഫലം തെറ്റായിപ്പോയി; സോഷ്യല്‍ മീഡിയകളിലെ ട്രോളുകള്‍ക്ക് കാണിപ്പയ്യൂരിൻ്റെ മറുപടി…

  • Post category:news
  • Reading time:1 min read
You are currently viewing വിഷുഫലം തെറ്റായിപ്പോയി; സോഷ്യല്‍ മീഡിയകളിലെ ട്രോളുകള്‍ക്ക് കാണിപ്പയ്യൂരിൻ്റെ  മറുപടി…

തിരുവനന്തപുരം: പ്രളയക്കെടുതിക്കിടയിലും സോഷ്യല്‍ മീഡിയയുടെ വേട്ടയാടുന്നവരില്‍ ഒരാളാണ് പ്രഗല്‍ഭ ജോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്. മഴക്കെടുതികളോടൊപ്പം തന്നെ കാണിപ്പയ്യൂരിന്റെ വിഷുഫലവും സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ ചര്‍ച്ചാ വിഷയമാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായത്. എന്നാല്‍ ഏ വര്‍ഷം മഴ കുറവായിരിക്കുമെന്നും വൈദ്യുതിയുടെ ഉത്പാദനത്തിലും വിതരണത്തിലുമെല്ലാം സര്‍ക്കാര്‍ ജാഗരൂകരായിരിക്കണമെന്നുമുള്ള തരത്തിലായിരുന്നു കാണിപ്പയ്യൂരിന്റെ വിഷുഫലം.
റിപോര്‍ട്ടര്‍ ചാനലില്‍ കണികാണും കാണിപ്പയ്യൂര്‍ എന്ന പേരില്‍ സംപ്രേഷണം ചെയ്ത പരിപാടിയുടെ ദൃശ്യങ്ങള്‍ അടക്കമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. എന്നാല്‍ അബദ്ധം പറ്റിയെന്ന് വിചാരിച്ചാല്‍ മതിയെന്ന് കാണിപ്പയ്യൂര്‍ മറുപടിയായി രംഗത്തെത്തി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കെതിരെയുണ്ടായ വിമര്‍ശനങ്ങള്‍ക്ക് കാണിപ്പയ്യൂര്‍ മറുപടി നല്‍കിയത്.ശാസ്ത്രത്തിന് തെറ്റുപറ്റില്ല. തെറ്റുപറ്റിയത് തനിക്കാണെന്നും കാണിപ്പയ്യൂര്‍ പറഞ്ഞു. ശാസ്ത്രം തെറ്റാണെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നും കാണിപ്പയ്യൂര്‍ പറഞ്ഞു.

ജൂണ്‍ ഒന്ന് മുതല്‍ കാലവര്‍ഷം തുടങ്ങി ധാരാളം മഴ ലഭിക്കുമെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ 10ന് ശേഷമാകും കാലവര്‍ഷപ്രതീതി ഉണ്ടാകു. 25 വരെ സാമാന്യം നല്ല മഴ ലഭിക്കും. എന്നാല്‍ വായു കോപം ഉള്ളതിനാല്‍ കാര്‍മേഘം ഛിന്നഭിന്നമായി പോവുകയും മഴ കുറയുകയും ചെയ്യും. ജൂണ്‍ 25 മുതല്‍ ജൂലൈ നാലു വരെയാണ് ഏറ്റവും കനത്ത മഴ കേരളത്തില്‍ ഉണ്ടാകു. കര്‍ക്കടകത്തില്‍ മഴ ലഭിക്കുമെന്നൊരു ധാരണയുണ്ട്. എന്നാല്‍ ഇക്കൊല്ലം ജൂലൈ 17 മുതല്‍ ആഗസ്റ്റ് ഒന്ന് വരെ മഴയുണ്ടാകില്ല. നല്ല ഉഷ്ണപ്രതീതിയുണ്ടാകും. കര്‍ക്കിടകം രണ്ടാം പകുതിയില്‍ അതായത് ആഗസ്റ്റ് ഒന്നുമുതല്‍ 17 വരെ കുറച്ചൊക്കെ മഴ ലഭിക്കുമെന്നുമായിരുന്നു കാണിപ്പയ്യൂര്‍ പരിപാടിയില്‍ പ്രവചിച്ചത്. ആഗസ്ത് 16 മുതലാണ് കേരളത്തില്‍ പ്രളയം ആരംഭിച്ചത്.

0Shares