മലപ്പുറം:മലപ്പുറം കേണ്ടോട്ടി പുളിക്കല്‍ എബിലിറ്റി ക്യാമ്പസിലെ മസ്ജിദു റഹ്മയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിനെത്തിയവര്‍ ആദ്യം അമ്പരന്നു നിന്നു ആ കാഴ്ച്ച കണ്ട്. ജുമുഅ ബാങ്ക് വിളിച്ചതിന് ശേഷം ഖുതുബ നിര്‍വഹിക്കാനായി ഒരുക്കിയിരുന്ന രണ്ട് മിംമ്പറുകളെ കണ്ട് വിശ്വാസികള്‍ അമ്പരുന്നു നിന്നു. പിടികിടാത്തവര് കാര്യം തിരക്കിയപ്പോഴാണ് പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന് ശ്രവണവൈകല്യമുള്ളവര്‍ക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയെക്കുറിച്ചറിയുന്നത്. കൊണ്ടോട്ടി പുളിക്കല്‍ എബിലിറ്റി ക്യാമ്പസിലെ മസ്ജിദു റഹ്മയിലാണ് കേള്‍വി ശക്തിയില്ലാത്തവര്‍ക്കായി പുതിയ രീതിയിലുള്ള ഖുതുബ സംഘടിപ്പിച്ചത്.പള്ളിയിലൊരുക്കിയ രണ്ട് മിംബറുകളില്‍ ഒന്നില്‍ ഖത്തീബ് എം മുസ്തഫ മദനി ഖുതുബ നിര്വഹിച്ചപ്പോള്, അടുത്ത മിംമ്പറില്‍ നിന്ന് പിഎന്‍ ബഷീര്‍ അഹമ്മദ് അത് ആംഗ്യഭാഷയില്‍ വിവര്‍ത്തനം ചെയ്തു നല്കി
ഇരുന്നൂറോളം കേള്‍വി ശേഷിയില്ലാത്ത വിശ്വസികളാണ് പുളിക്കലിലെ മസ്ജിദു റഹ്മയില്‍ ജുമുഅ നമസ്ക്കാരത്തിനെത്തിയത്. ജീവിതത്തിലാദ്യമായി ഖുതുബ മനസിലാക്കിയതിന്റെ സന്തോഷം കൊണ്ട് പലരുടെയും കണ്ണുനിറഞ്ഞിരുന്നു
രണ്ട് മിംബറുകളാണ്(പ്രസംഗപീഠം) പള്ളിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഒരു മിംബറില്‍ നിന്ന് ഖത്തീബ് എം മുസ്തഫ മദനി ഖുത്തുബ നിര്വഹിച്ചപ്പോള് തൊട്ടടുത്ത മിംബറില്‍ നിന്ന് പിഎന്‍ ബഷീര്‍ അഹമ്മദാണ് ആംഗ്യഭാഷയില്‍ വിവര്‍ത്തനം ചെയ്തത്
കേള്‍വി ശേഷിയില്ലാത്തവര്‍ക്ക് പുറമേ നാട്ടുകാരും പുളിക്കല്‍ എബിലിറ്റി ക്യാമ്പസിലെ പഠിതാക്കളും പള്ളിയിലെത്തിയിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പള്ളികളില്‍ വരാറുണ്ടെങ്കിലും കേള്വിശേഷിയില്ലാത്തത് കാരണം പ്രസംഗം മനസിലാക്കാന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ട് നീങ്ങിയതിന്റെ സന്തോഷം പലരുടെയും മുഖത്തുണ്ടായിരുന്നു
റമദാന് മുന്‍പുള്ള വെള്ളിയാഴ്ച നടന്ന ഖുതുബയില്‍ റമദാന്റെ പ്രത്യേകതയും കരുണയും സഹായിക്കാനുള്ള മനസുമായിരുന്നു വിഷയം. കേള്വിശേഷിയില്ലാത്തവരെ കൂടാതെ ഭിന്നശേഷിക്കാരും മസ്ജിദു റഹ്മയിലെത്തിയിരുന്നു.
ഖുതുബ മാത്രമല്ല, ബാങ്ക് വിളിയും ഖുതുബയ്ക്ക് ശേഷം നടന്ന പ്രാര്‍ത്ഥനകളും ആംഗ്യഭാഷയില്‍ അവതരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ആംഗ്യഭാഷയില്‍ ഖുതുബ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പള്ളിയാണ് പുളിക്കലിലെ മസ്ജിദു റഹ്മയെന്നാണ് എബിലിറ്റി ഫൗണ്ടേഷന് ചെയര്മാന് കെ അഹമ്മദ് കുട്ടി പറഞ്ഞത്.