
ഇനിമുതല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ അല്ലെങ്കില്‍പ്പോലും വിദേശികളായ സ്ത്രീക്കും പുരുഷനും ഹോട്ടലില്‍ ഒരു മുറിയില്‍ കഴിയാം. മുന്‍പുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാണ് സൗദി ഭരണകൂടം വിദേശ സഞ്ചാരികള്‍ക്കായി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദേശികളെ ആകര്‍ഷിക്കാനായി അടുത്തിടെ പുതിയ ടൂറിസ്റ്റ് വിസ തുടങ്ങിയ പിന്നാലെയാണ് സൗദിയുടെ ഈ നീക്കം.
വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ചിട്ടുള്ള രാജ്യമെന്ന നിലയ്ക്കാണ് സൗദിയില്‍ വിവാഹിതരല്ലാത്ത പുരുഷനും സ്ത്രീക്കും ഒന്നിച്ചു താമസിക്കുന്നതിന് വിലക്കുള്ളത്. എന്നാല്‍ ഈ വിലക്ക് വിദേശികള്‍ക്ക് മാത്രമായി ഇപ്പോള്‍ ഒഴിവാക്കിയത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് കമ്മീഷനാണ് സൗദി പത്രമായ ഒകാസ് വഴി ഇക്കാര്യം സ്ഥിരീകരിച്ചത്.

‘ഹോട്ടലില്‍ പ്രവേശിക്കുന്നതിന്‍റെ മുന്‍പ് ബന്ധം തെളിയിക്കുന്ന രേഖകളോ ഫാമിലി ഐ.ഡിയോ എല്ലാ സൗദിക്കാരും നല്‍കണം. പക്ഷേ ഇതു വിദേശ സഞ്ചാരികള്‍ക്ക് ബാധകമല്ല. ചെക്ക്-ഇന്‍ ചെയ്യുന്ന സമയം ഐ.ഡി നല്‍കിയാല്‍ സൗദി സ്വദേശികളായ സ്ത്രീകള്‍ക്ക് ഹോട്ടലില്‍ താമസിക്കാന്‍ കഴിയും.’- കമ്മീഷന്‍ അറിയിച്ചു. സൗദിയില്‍ കഴിഞ്ഞ ദിവസമാണ് ‘ഓണ്‍ അറൈവല്‍ വിസ’ സംവിധാനം നിലവില്‍ വന്നത്. യൂറോപ്പിലെയും ഏഷ്യയിലെയും 49 വികസിത രാജ്യങ്ങള്‍ക്കാണ് ഇതു നല്‍കുക.
300 റിയാല്‍ വിസ നിരക്കും 140 റിയാല്‍ യാത്രാ ഇന്‍ഷുറന്‍സും ഉള്‍പ്പെടെ 440 റിയാല്‍ നല്‍കിയാല്‍ ഓണ്‍ അറൈവല്‍ വിസയെടുക്കാം. ഇന്ത്യക്ക് അടുത്ത ഘട്ടത്തിലേ ഇതു നല്‍കൂവെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്.
