ഹൈദരാബാദ്: വിവാഹാഘോഷ ചടങ്ങിനിടെ വാള്‍പ്പയറ്റ് ഡാന്‍സ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ പതിനഞ്ചു വയസുകാരന്‍ മരിച്ചു. സയിദ് ഹമീദ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഹൈദരാബാദിലെ ഷെയ്ക്പെട്ടിലാണ് സംഭവം. വിവാഹചടങ്ങിനിടെ വാളുകള്‍ കൈയിലേന്തിയുള്ള അറബിക് നൃത്തം ഇവിടെ പതിവാണ്. ഇത്തരത്തില്‍ വാളുകളുമായി 20 വയസുകാരനായ മുഹമ്മദ് ജുനൈദ് നൃത്തം ചെയ്യുന്നത് നോക്കിനില്‍ക്കുകയായിരുന്നു അപകടത്തില്‍പ്പെട്ട സയിദ്ഹ മീദും സുഹൃത്തുക്കളും. ഇരുകൈകളിലും വാളുകള്‍ പിടിച്ച് പാട്ടിനൊപ്പം നൃത്തം ചെയ്യുകയായിരുന്ന മുഹമ്മദ് ജുനൈദ് ഇതിനിടെ നിയന്ത്രണം വിട്ട് കാണികള്‍ക്ക് മേല്‍ വീഴുകയായിരുന്നു. വാളുകളിലൊന്ന് സയിദ് ഹമീദിന്റെ കഴുത്തില്‍ കുത്തിക്കയറുകയായിരുന്നു.
ഉടന്‍തന്നെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായ കുട്ടിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും സമാനമായ അനുഭവമായിരുന്നു. ഒടുവില്‍ മൂന്നാമത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്തംവാര്‍ന്ന് അവശനിലയിലായിരുന്ന സയിദ് ഹമീദ് മരണത്തിന് കീഴടങ്ങി. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ അവസ്ഥയില്‍ ചികിത്സ നടത്താനുള്ള സൗകര്യങ്ങള്‍ തങ്ങള്‍ക്കില്ലാത്തതിനാലാണ് പ്രവേശനം നല്‍കാതിരുന്നതെന്നാണ് രണ്ട് ആശുപത്രികളുടെയും വിശദീകരണം. വാളുകളുമായി നൃത്തം ചെയ്ത് അപകടത്തിനിടയാക്കിയ മുഹമ്മദ് ജുനൈദിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹാഘോഷ ചടങ്ങില്‍ വാള്‍പ്പയറ്റ് ഡാന്‍സ് ചെയ്യുന്നതിനിടെ അപകടം; വാള്‍ കഴുത്തില്‍ കുത്തിക്കയറി പതിനഞ്ചുകാരന്‍ മരിച്ചു