
വിവാഹവും പിറന്നാള്‍ ആഘോഷവും ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ മെട്രോ ട്രെയിന്‍ തന്നെ വിട്ടുനല്‍കുകയാണ് നോയ്ഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. ആഘോഷങ്ങള്‍ക്ക് വേദിയൊരുക്കുന്നതിനായി കോച്ചുകള്‍ നേരത്തെ ബുക്ക് ചെയ്താല്‍ മാത്രം മതി. മണിക്കൂറിന് 5000 രൂപമുതല്‍ 10,000 രൂപവരെയാണ് ചെലവ്.
ട്രെയിന്‍റെ പ്രവര്‍ത്തന സമയത്തും അല്ലാത്തപ്പോഴും ആഘോഷം സംഘടിപ്പിക്കാം. നോയ്ഡ മെട്രോ റെയിലിനും വരുമാനമാകുകയും അതോടൊപ്പം ആഘോഷിക്കാനൊരു പുതുവഴിയും ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് മെട്രോ റെയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഡി ഉപാധ്യായ പറഞ്ഞു. അതിഥികളുടെ എണ്ണം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായാണ് ആഘോഷത്തിന് അവസരമുള്ളത്.

ഓടുന്ന മെട്രോയില്‍ അലങ്കാരങ്ങളില്ലാത്ത കോച്ച്-8000 രൂപ
നിര്‍ത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളില്ലാത്ത കോച്ച്-5000 രൂപ
ഓടുന്ന മെട്രോയില്‍ അലങ്കാരങ്ങളുള്ള കോച്ച്-10,000 രൂപ
നിര്‍ത്തിയിട്ടിരിക്കുന്ന അലങ്കാരങ്ങളുള്ള കോച്ച്-7000 രൂപ.
തിരിച്ചുലഭിക്കുന്ന സെക്യൂരിറ്റിയായി 20,000 രൂപയും നല്‍കി 15 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കി ബുക്ക് ചെയ്യണം. മെട്രോ സമയങ്ങളിലാകും ഓടുന്ന കോച്ചുകള്‍ അനുവദിക്കുക. ഓടാത്ത സമയമായ രാത്രി 11 മുതല്‍ പുലര്‍ച്ചെ രണ്ടുവരെയാകും നിര്‍ത്തിയിട്ടിരിക്കുന്ന കോച്ച് അനുവദിക്കുക. നാലു കോച്ചുവരെയാണ് ബുക്ക് ചെയ്യാന്‍ അവസരം.
