ഭോപ്പാല്‍: ഇരു കൈകളിലും കാലുകളിലും ആറ് വിരലുകളുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ ആറാമത്തെ വിരല്‍ മാതാവ് മുറിച്ചു മാറ്റി. കുട്ടിയുടെ വിവാഹത്തിന് അധിക വിരലുകള്‍ തടസമാകുമെന്ന് ഭയന്നാണ് മാതാവ് താരാഭായ് വിരലുകള്‍ മുറിച്ചതെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഖണ്ട്വയിലുള്ള ഗോത്ര ഗ്രാമമായ സുന്ദര്‍ദേവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വിരല്‍ മുറിച്ചതിനെ തുടര്‍ന്നു കടുത്ത രക്തസ്രാവമുണ്ടായി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞ് മരിക്കുകയും ചെയ്തു. പിന്നീട് മൃതദേഹം കുഴിച്ചിട്ടു. അതേ സമയം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. 
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍നടപടിയിലേക്ക് കടക്കുമെന്നും താരാഭായിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ് പി രുചിവര്‍ധന്‍ മിശ്ര പറഞ്ഞു. ഡിസംബര്‍ 22 നാണ് ആറു വിരലുകളുമായി കുഞ്ഞ് ജനിച്ചത്. ബന്ധുക്കളില്‍ ചിലരുടെ അഭിപ്രായം തേടിയതോടെ കുഞ്ഞിന്റെ അധിക വിരലുകള്‍ മുറിച്ചുമാറ്റി ചാണകവും തേക്കാന്‍ തീരുമാനിക്കുകയായിരുന്നു.