കണ്ണൂർ: ഇരിട്ടി കീഴൂരില്‍ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് നവവരന്‍ മരിച്ചു. തില്ലങ്കേരി കാവുമ്പടി സ്വദേശി മുനീര്‍ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 2 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവുമ്പടി സ്വദേശികളായ മുഹസിന്‍,ഫായിസ് എന്നിവരാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഇരിട്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിൻ്റെ ആഘാദത്തിൽ ഇന്നോവ പൂര്‍ണ്ണമായും തകർന്ന നിലയിലാണ്. ഓടികൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. അതിനിടെ മുനീറിൻ്റെ മരണം സംഭവിച്ചിരുന്നു.
കാവുംപടിയിലെ മുംതാസ് മന്‍സിലില്‍ കെ.അബ്ദുള്ള – ഫാത്തിമ ദമ്പതികളുടെ മകനാണ് മുനീര്‍. ഭാര്യ ജസിന. കഴിഞ്ഞ 15ാം തീയതി ആയിരുന്നു ഇരുവരുടെയും വിവാഹം. മുനീറിന്റെ മരണവാർത്ത നാട്ടുകാരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. മരണവാർത്ത പരന്നതോടെ നിരവധിപേരാണ് സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തിയത്. അപകടവാർത്ത ഉൾക്കൊള്ളാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ.
വിവാഹം കഴിഞ്ഞ് പത്ത് ദിവസമേ ആയിരുന്നുള്ളു; നവവരൻ്റെ വേർപാടിൽ വിതുമ്പി കുടുംബവും നാട്ടുകാരും; ഇരിട്ടി കീഴൂരിലുണ്ടായ വാഹനാപകടം ഒരു നാടിനെ ഒന്നടങ്കം കരയിപ്പിച്ചു