
കൊച്ചി: നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. 500ഓളം ചിത്രങ്ങളിലെ ചെറുതും വലുതുമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 1984 മുതൽ അദ്ദേഹം സിനിമയിൽ സജീവമായിരുന്നു.

സഹസംവിധായകനായാണ് സിനിമയിൽ എത്തിയെതെങ്കിലും ;പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെ സംവിധായകൻ പത്മരാജനാണ് അജിത്തിനെ അഭിനയരംഗത്തേക്ക് കൊണ്ടു വന്നത്. 1989ല്‍ റിലീസ് ചെയ്ത ‘അഗ്നിപ്രവേശം’ എന്ന സിനിമയില്‍ അജിത് നായകനായി. 2012ല്‍ പുറങ്ങിയ ‘ഇവന്‍ അര്‍ധനാരി’യാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. കഴിഞ്ഞ 35 വര്‍ഷമായി സിനിമാരംഗത്ത് സജീവമായിരുന്നു. പ്രധാനമായും വില്ലന്‍ വേഷങ്ങളായിരുന്നു അജിത് കൈകാര്യം ചെയ്തിരുന്നത്. വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി 500ലധികം ചിത്രങ്ങളില്‍ അഭിനയിച്ചട്ടുണ്ട്. കോളിംഗ് ബെല്‍, പകല്‍ പോലെ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.പ്രമീളയാണ് ഭാര്യ. മക്കൾ ഗായത്രി, ശ്രീഹരി.
