റാഞ്ചി: ഉത്തരേന്ത്യയില്‍ വില ഇടിഞ്ഞതിനെ തുടര്‍ന്ന് കര്‍ഷകര്‍ തക്കാളി കൂട്ടത്തോടെ റോഡിലും കൃഷിയിടങ്ങളിലും തള്ളി. മികച്ച മഴ ലഭിച്ചതോടെ കനത്ത വിളവ് ലഭിച്ചതിനാലും ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമായതും ഉപഭോഗം കുറഞ്ഞതുമാണ് വില കുത്തനെ ഇടിയാന്‍ കാരണമായത്. റാഞ്ചി, പലാമു, ലോഹര്‍ദഗ ജില്ലകളില്‍ തക്കാളിക്ക് ക്വിന്റലിന് 50 രൂപവരെയാണ് ലഭിക്കുന്നത്.

മൊത്തവില കിലോയ്ക്ക് ഒരു രൂപ മുതല്‍ 50 പൈസ വരെയാണ് ഇടിഞ്ഞത്. ജാര്‍ഖണ്ഡില്‍ നിന്ന് ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് തക്കാളി കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ കയറ്റുമതി ചെയ്ത സംസ്ഥാനങ്ങളിലും തക്കാളി വില കുത്തനെ ഇടിയുകയുണ്ടായി.