വിന്‍ഡീസിനെ എറിഞ്ഞു വീ‍ഴ്ത്തി; ലോകകപ്പ് സെമിയിലേക്ക് ഇന്ത്യന്‍ ദൂരം ഇനി ഒരു ജയംകൂടി മാത്രം

  • Post category:news
  • Reading time:2 mins read
You are currently viewing വിന്‍ഡീസിനെ എറിഞ്ഞു വീ‍ഴ്ത്തി; ലോകകപ്പ് സെമിയിലേക്ക് ഇന്ത്യന്‍ ദൂരം ഇനി ഒരു ജയംകൂടി മാത്രം

 

വിന്‍ഡീസിനെ എറിഞ്ഞിട്ടുകൊണ്ട് പരാജയമറിയാതെ ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പ്. ഇന്ന് നടന്ന മത്സരത്തില്‍ 125 റണ്‍സിന് വിന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടര്‍ച്ചയായ അഞ്ചാം ജയം നേടിയത്. ഇനിയുള്ള മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഉറപ്പാക്കാം. 269 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 34.2 ഓവറില്‍ 143 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രയും ചഹാലും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യമായ 269 റണ്‍സ് അടിച്ചെടുക്കാന്‍ ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തില്‍ തന്നെ മുഹമ്മദ് ഷമിയാണ് കനത്ത ആഘാതം ഏല്‍പ്പിച്ചത്. ഓപ്പണര്‍ ക്രിസ് ഗെയ്‍ലിനെ കേദാര്‍ ജാദവിന്‍റെ കൈകളിലെത്തിച്ച് ഷമി വിക്കറ്റ് വേട്ട തുടങ്ങി. 19 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു പുറത്താകുമ്പോള്‍ ഗെയ്‍ലിന്‍റെ അക്കൗണ്ടില്‍. തൊട്ടടുത്ത ഓവറില്‍ ഷെയ് ഹോപ്പിനെയും (5) മടക്കിയത് ഷമി തന്നെ. സുനില്‍ ആംബ്രിസ് (31) നിക്കോളാസ് പൂരന്‍ (28), ജേസണ്‍ ഹോര്‍ഡര്‍(6), കാര്‍ലോസ് ബ്രാത് വെയ്റ്റ് (1), ഫാബിയന്‍ അല്ലെന്‍ (0), ഹെറ്റ്മെയര്‍ (18) എന്നിങ്ങനെയാണ് വിന്‍ഡീസ് താരങ്ങളുടെ വിക്കറ്റ് തകര്‍ച്ച.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കരീബിയന്‍ പേസര്‍മാര്‍ക്കെതിരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. എന്നാല്‍ 29 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടു. പിന്നീട് കോഹ് ലിയും കെ. എല്‍ രാഹുലും ചേര്‍ന്ന് 69 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. വന്‍ സ്കോറിലേക്ക് ഇന്ത്യ കുതിക്കുന്ന ഘട്ടത്തില്‍ രാഹുല്‍ (48) വീണതോടെ കൂട്ടുകെട്ട് തകര്‍ന്നു.

നാലാം നമ്പറില്‍ ഇറങ്ങിയ വിജയ് ശങ്കര്‍ 14 റണ്‍സെടുത്ത് മടങ്ങി. വിജയ് ശങ്കറിന് പിന്നാലെ കേദാര്‍ ജാദവും മടങ്ങിയതോടെ വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചെത്തി. അര്‍ധ സെഞ്ചുറിയുമായി പിടിച്ചു നിന്ന നായകന്‍ കോലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകള്‍. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ കോലി ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും വിന്‍ഡീസ് നായകന്‍ ഹോള്‍ഡറുടെ പന്തിലെ ബൗണ്‍സ് കൃത്യമായി കണക്കാക്കുന്നതില്‍ പിഴച്ച കോലി 72 റണ്‍സുമായി മടങ്ങി. പിന്നീട് ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം (46) ഒത്തുച്ചേര്‍ന്ന ധോണി ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുക്കുകയായിരുന്നു. ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ധോനിയുടെ പ്രകടനം. വിന്‍ഡീസിനായി റോച്ച് മൂന്ന് വിക്കറ്റും കോട്രെലും ഹോര്‍ഡറും രണ്ട് വിക്കറ്റ് വീതവും നേടി.

 

0Shares