ദുബായ്: ദുബായ് കാണാനെത്തിയ അറബ് വംശജരായ കുടുംബം സ്വദേശത്തേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കൈക്കുഞ്ഞിനെ ടാക്സിയില്‍ മറന്നുവെച്ചത്. വിമാനത്താവളത്തില്‍ ദമ്പതികള്‍ ഇറങ്ങി ടാക്‌സി പോയ ശേഷമായിരുന്നു കുഞ്ഞിനെ എടുക്കാന്‍ മറന്നുപോയ കാര്യം ഇരുവരും തിരിച്ചറിഞ്ഞത്. റിഗ്ഗയിലെ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ടാക്സിയില്‍ കയറിയത്. ടാക്സിയില്‍ നിന്ന് ആദ്യമിറങ്ങിയ ഭാര്യയുടെ കൈയിലാണ് കുഞ്ഞെന്നു താന്‍ കരുതിയതെന്ന് ഭര്‍ത്താവും നേരെ തിരിച്ചാണെന്നാണ് താന്‍ കരുതിയതെന്ന് ഭാര്യയും പറഞ്ഞു. .

ഉടന്‍ തന്നെ ഇവര്‍ ദുബായ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ആര്‍.ടി.എയുമായി ചേര്‍ന്ന് ജി.പി.എസ് ട്രാക്ക് ചെയ്ത് ടാക്സി ഡ്രൈവറുമായി ബന്ധപ്പെട്ടു. അതേസമയം, ഇതു സംബന്ധിച്ച പോലീസിന്റെ ഫോണ്‍കോള്‍ എത്തും വരെ വണ്ടിയില്‍ കുഞ്ഞുള്ള കാര്യം ടാക്സി ഡ്രൈവറും അറിഞ്ഞിരുന്നില്ല. ഡ്രൈവര്‍ ഉടന്‍ തന്നെ കുഞ്ഞിനെ അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തിക്കുകയും അതിനു ശേഷം പോലീസ് കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു.