
എറണാകുളം അങ്കമാലിയില്‍ ഭഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി അനില്‍കുമാറാണ് മരിച്ചത്. 14 പേര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അങ്കമാലിയില്‍ നിന്ന് ഇടുക്കി രാമക്കല്‍മേട്ടിലേക്ക് വിനോദയാത്ര പോയി മടങ്ങിയെത്തിയതാണിവര്‍.

അങ്കമാലിയില്‍ നിന്ന് ഇടുക്കി രാമക്കല്‍മേടിലേക്ക് 30 അംഗ സംഘം ശനിയാഴ്ച രാവിലെയാണ് യാത്ര തിരിച്ചത്. യാത്രാ സംഘം സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ വയറിളക്കവും ച്ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സംഘത്തിലെ 14 പേര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇതിനിടെ അനില്‍കുമാറിന്‍റെ ആരോഗ്യനില മോശമാവുകയും മരണപ്പെടുകയും ചെയ്തു. സംഘത്തിലെ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അനില്‍ കുമാറിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌കരിക്കും. സ്വയം ഭക്ഷണം ഉണ്ടാക്കിയിട്ടും ഭക്ഷ്യവിഷബാധ എങ്ങനെയുണ്ടായി എന്ന കാര്യം വ്യക്തമല്ല. ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിച്ച വെളളത്തില്‍ നിന്നാണോ ഭക്ഷ്യസാമഗ്രികളില്‍ നിന്നാണോയെന്നും വ്യക്തമല്ല.
