വിധി എന്ത് തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണം: മുഖ്യമന്ത്രി പിണറായി വിജയന്‍

  • Post category:news
  • Reading time:1 min read
You are currently viewing വിധി എന്ത് തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അയോധ്യാ കേസില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശനിയാഴ്ച വിധിപ്രസ്താവം നടത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകമാകെ ഉറ്റുനോക്കുന്നതാണ് അയോധ്യാ വിധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിധി എന്ത് തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണം.

ബാബരി മസ്ജിദ് തകര്‍ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്‍റെ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂര്‍വ്വമായുള്ള ആ പ്രതികരണം.
വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാന്‍ എല്ലാ ജനങ്ങളും തയാറാകണം. രാജ്യത്തിന്‍റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം.വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്.

ഉയര്‍ന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണം എന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഔദ്യോഗീക പരിപാടികള്‍ റദ്ദുചെയ്ത് മുഖ്യമന്ത്രി സ്ഥിതിഗതി വിലയിരുത്തി തലസ്ഥാനത്ത് തന്നെയുണ്ടാകും. പോലീസ് സമൂഹമാധ്യമങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു.

മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യും. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. എല്ലാ സമൂഹമാധ്യമങ്ങളിലെയും എല്ലാതരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്‍റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കുമെന്നും പോലീസ് മീഡിയ സെന്‍റർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

0Shares