
കണ്ണൂർ: സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് മിനി ഗുഡ്സ് വാഹനം പാഞ്ഞുകയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. നാലുകുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിനി ദേവനന്ദയാണ് മരിച്ചത്. പെരിങ്ങോത്തെ രതീഷിന്റെ മകളാണ് മരിച്ച ദേവനന്ദ. ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥികളായ ആര്യ, ആല്‍ഫി, അക്ത, ജൂന എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സ്കൂളിൽ നിന്നും വീട്ടിലേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മറ്റു വാഹനങ്ങളെയും ഇടിച്ചിട്ട ശേഷമാണ് വാഹനം നിന്നത്. വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് അപകടം. അപകട സ്ഥലത്ത് ഓടിക്കൂടിയവർ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം ചെറുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിയാരത്തേക്ക് കൊണ്ടുപോകും വഴിയാണ് ദേവനന്ദ മരിച്ചത്.
ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് പോലീസ് പറയുന്നത്. അപകടം വരുത്തിയ വാഹനത്തിൻ്റെ ഡ്രൈവറെ ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപ കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞ അപകടദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.