തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയും പ്രതിഷേധവും ശക്തമായതോടെ തിരുവനന്തപുരത്തെ ലോ അക്കാദമി പ്രിന്‍സിപ്പലും ടി.വി ചാനലിലെ പരിപാടികളുടെ അവതാരകയുമായ ലക്ഷ്മി നായര്‍ ഒളിവില്‍ പോയി. കോളേജില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി മുന്നോട്ടു വന്നിരുന്നു. ലക്ഷ്മി നായരുടെ കേരള ലോ അക്കാദമിയില്‍ മൂന്നു ബാച്ചുകളിലായി 1000 ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.

ഇതില്‍ ബിഎ എല്‍എല്‍ബി, എല്‍എല്‍എം കോഴ്‌സുകളിലായി 50 ശതമാനം സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രവേശനം നല്‍കണം എന്ന ചട്ടം പാലിക്കുന്നില്ല, തോന്നിയതു പോലെ വിദ്യാര്‍ത്ഥി പ്രവേശനം, സര്‍ക്കാര്‍ സീറ്റുകള്‍ക്ക് പ്രാമുഖ്യം നല്‍കാതെ എല്ലാം മാനേജ്‌മെന്റിനു തന്നെയാണ് നല്‍കുന്നത്, സര്‍ക്കാര്‍ കല്‍പിച്ച ചട്ടങ്ങള്‍ പാലിക്കാതെ അധ്യാപക നിയമനവും, കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ആവശ്യത്തിലില്ല, പെണ്‍കുട്ടികളുടെ മൂത്രപുരയില്‍ പോലും ക്യാമറ, ഇതൊക്കെയാണ് കോളേജില്‍ നടക്കുന്നത് എന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പല്‍ കോളേജ് കാര്യങ്ങള്‍ നോക്കാതെ കുക്കറി ഷോകളും സഞ്ചാര പരിപാടികളും നടത്താനാണ് താല്‍പര്യപ്പെടുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ആറുമാസത്തിനിടെ അഞ്ചു വിദ്യാര്‍ത്ഥികളാണ് കോളേജിലെ മാനസിക പീഡനം സഹിക്കാനാവാതെ ടി.സി വാങ്ങിപ്പോയത് എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.