തിരുവനന്തപുരം: വിദേശവനിത ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയാണെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ. സംഭവം ദുഖകരമാണെന്നും ഒരു സ്ത്രീക്കും ഇത് സംഭവിക്കാന്‍ പാടില്ലെന്നും ഡി.ജി.പി പറഞ്ഞു. വിദേശവനിതയുടെ കൊലപാതകം ആത്മഹത്യയാക്കാനുള്ള പ്രതികളുടെ ശ്രമമാണ് പ്രത്യക സംഘത്തിന്റെ അന്വേഷണത്തില്‍ തകര്‍ന്നത്. വിദേശവനിതയ്ക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം കൊലപാതകം നടത്തുകയായിരുന്നു ഉമേഷും ഉദയനും. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് അന്വേഷണത്തിനാധാരമായതെന്ന് ഡി.ജി.പി പറഞ്ഞു. വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുണ്ടായിരുന്ന കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഡി.ഡി.പി അറിയിച്ചു. കേസില്‍ ഉമേഷാണ് മുഖ്യപ്രതി. ഉമേഷ് 13 കേസുകളിലും, ഉദയന്‍ ആറ് കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി ഉദയന്റെ കോട്ടാണ് ലിഗയുടെ മൃതദേഹത്തില്‍ കണ്ടത്. പ്രതികള്‍ക്കെതിരെ കൊലപാതകം, ബലാല്‍സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ലിഗയെ മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം ചെയ്തശേഷമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഗ്രോബീച്ചില്‍ കണ്ടെത്തിയ വിദേശ വനിതയെ തന്ത്രപൂര്‍വ്വം ഉമേഷും ഉദയനും ചേര്‍ന്ന് ഫൈബര്‍ ബോട്ടില്‍ വാഴമുട്ടത്തെ പൊന്തകാട്ടിലെത്തിച്ചു. മയക്കുമരുന്നു നല്‍കി ശേഷം ലൈംഗികമായി പീഡിപ്പിച്ചു. രാത്രിയായപ്പോള്‍ വീണ്ടും ബലപ്രയോഗം നടത്തി. വിദേശ വനിത ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തു ഞെരിച്ചുവെന്നാണ് പ്രതികള്‍ പറയുന്നത്. പ്രദേശവാസിയായ ഉമേഷ് കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയ്ര്‍ ടേക്കറാണ്. സ്ഥിരമായി സ്ത്രീകളെയും കുട്ടികളെയും പൊന്തക്കാട്ടിലെത്തിച്ച് ലൈഗികമായി ഉപദ്രവിക്കാറുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. കൂടുതല്‍ തെളിവ് ലഭിക്കുന്നതോടെ ഉമേഷിനെതിരേ പോക്‌സോ പ്രകാരം മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്യും. ഉമേഷിന്റെ ബന്ധുവും സുഹൃത്തുമായ ഉയദന്‍ ടൂറിസ്റ്റ് ഗൈയ്ഡാണ്. ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയാവുന്ന ഉദയനാണ് വിദേശ വനിതയെ തന്ത്രപൂര്‍വ്വം ഇവിടേക്ക് കൊണ്ടുവന്നതും ഓവര്‍ കോട്ട് നല്‍കിയതും. സ്ഥലത്തുനിന്നും ശേഖരിച്ച തലമുടി പ്രതികളുടെതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥീരീകരിച്ചെന്ന് ഡി.ജി.പി പറഞ്ഞു. മാര്‍ച്ച് 14ന് പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയില്‍ വച്ചാണ് വിദേശ വനിതയെ കാണാതാകുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും പിടിപെട്ടതോടെയാണ് ആയൂര്‍വേദ ചികിത്സക്കായി സഹോദരിക്കൊപ്പം ഫെബ്രുവരി മൂന്നിന് കേരളത്തിലെത്തിയത്. കാണാതായതിനെ തുടര്‍ന്ന് കോവളം ബീച്ചില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരുടെ സഹായത്തോടെ കോവളത്തും പരിസരത്തും ചിത്രം സഹിതം പോസ്റ്ററുകള്‍ പതിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീടാണ് സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് അന്വേഷണം സജീവമാക്കിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുള്ള അന്വേഷണത്തില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതികളെ ഉടന്‍ പോലിസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. ആവശ്യമെങ്കില്‍ ലിഗയുടെ ആന്തരികാവയവങ്ങള്‍ വിദേശത്തേക്ക് അയച്ച് പരിശോധിക്കുമെന്നും പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു. അന്വേഷണസംഘത്തെ ഡി.ജിപി അഭിനന്ദിച്ചു. അന്വേഷണം വേഗത്തിലാണ് നടത്തിയത്. എത്രയും പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടാനായി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ട്. അന്വേഷണസംഘത്തിന് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കി ആദരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
വിദേശവനിത കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; കൊലപാതകം ആത്മഹത്യയാക്കാനുള്ള പ്രതികളുടെ ശ്രമം അന്വേഷണ സംഘം തടഞ്ഞു; അറസ്റ്റിലായ ഉമേഷ് സ്ത്രീകളെയും കുട്ടികളെയും പൊന്തക്കാട്ടിലെത്തിച്ച് ലൈഗികമായി പീഡിപ്പിക്കുന്നത് പതിവ്