കണ്ണൂര്‍: കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കുംചേരി കൂടുതല്‍ പെണ്‍കുട്ടികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പോലീസ് സംശയം. വൈദികന്റെ സഹായത്താല്‍ വിദേശത്ത് പോയ ഇരുപതോളം പെണ്‍കുട്ടികളെയാണ് ലൈംഗീകമായി ചൂഷണം ചെയ്തിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നത്. ഫാദര്‍ റോബിനെ വിശദമായി ചോദ്യം ചെയ്താലേ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു. വൈദികനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പോലീസ് രണ്ടു ദിവസത്തിനുള്ളില്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

വിദേശത്തേക്ക് അയച്ച പെണ്‍കുട്ടികളെ സംബന്ധിച്ചും, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചവരെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പ്രസവിച്ച പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ചാണ് വൈദികന്‍ ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ സംഭവം പുറത്തറിയാതിരിക്കാനും വൈദികന്‍ ശ്രമിക്കുകയും വിദ്യാര്‍ത്ഥിനിയുടെ അച്ഛനോട് പിതൃത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട വൈദികന്‍ പത്ത് ലക്ഷം രൂപയും നല്‍കി. പെണ്‍കുട്ടി പ്രസവിച്ച ക്രിസ്തുരാജ ആശുപത്രിയിലെ ചെലവ് മുഴുവന്‍ വഹിച്ചതും വൈദികനായിരുന്നു. ആശുപത്രി അധികൃതരും കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയനോസ് പള്ളി ഇടവകയിലെ പല പ്രമുഖരും സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇവരെ കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.