വിജയിച്ചാല്‍ മലപ്പുറത്ത് ബീഫ് വിളമ്പും; ബിജെപി സ്ഥാനാര്‍ഥിയുടെ വാഗ്ദാനം പാര്‍ട്ടിക്ക് തിരിച്ചടിയാകുമോ..?

  • Post category:news
  • Reading time:1 min read
You are currently viewing വിജയിച്ചാല്‍ മലപ്പുറത്ത് ബീഫ് വിളമ്പും; ബിജെപി സ്ഥാനാര്‍ഥിയുടെ വാഗ്ദാനം പാര്‍ട്ടിക്ക് തിരിച്ചടിയാകുമോ..?

മലപ്പുറം: മലപ്പുറം വാശിയേറിയ പ്രചാരണത്തിന്റെ ദിനങ്ങളില്‍ നില്‍ക്കുമ്പോള്‍ വ്യത്യസ്ത വാഗ്ദാനം നല്‍കി ബിജെപി സ്ഥാനാര്‍ഥി. ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അറവുശാലകളില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്നാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന്റെ വാഗ്ദാനം. നല്ല ബീഫ് ലഭ്യമാക്കാനായി എയര്‍കണ്ടീഷന്‍ ചെയ്ത് വൃത്തിയായ രീതിയില്‍ അറവ്ശാലകള്‍ പരിഷ്‌കരിക്കും. ചത്ത പശുക്കളുടെ ഇറച്ചി വിറ്റതും, ലൈസന്‍സില്ലാത്തെ അറവ്ശാലകള്‍ നടത്തിയതിനുമാണ് ഉത്തരേന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയതെന്നും ശ്രീപ്രകാശ് പറഞ്ഞു. പല സംസ്ഥാനങ്ങളിലും പശുവിനെ അറക്കുന്നത് നിയമംമൂലം നിരോധിച്ച ബിജെപിക്ക് മലപ്പുറം സ്ഥാനാര്‍ഥിയുടെ വാഗ്ദാനം തലവേദനയാകുമോ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യം. ഇത് തിരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയുടെ അടവ് നയം എന്നാണ് എതിര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

പൊതുവെ മത്സര രംഗത്തുള്ളവര്‍ വീടുണ്ടാക്കി തരാം, കുടിവെള്ള സൗകര്യം ഒരുക്കി തരാം എന്നിങ്ങനെ നീളുന്ന വാഗ്ദാനം നടത്തുമ്പോഴാണ് ബിജെപി സ്ഥാനാര്‍ഥിയുടെ വേറിട്ട വാഗ്ദാനം ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ബിജെപി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ബീഫ് വിഷയം എന്ന തിരിച്ചറിവാകാം ബിജെപി സ്ഥാനാര്‍ഥിയുടെ ഈ വാഗ്ദാനത്തിന് പിന്നിലും. ത്രികോണ മത്സരത്തിന് മലപ്പുറം സാക്ഷിയാകുമ്പോള്‍ ഒമ്പതു പേരാണ് മത്സര രംഗത്തുള്ളത്. ഇതില്‍ മുസ്ലിം ലീഗും സിപിഎമ്മും തമ്മിലാണ് പ്രധാന പോരാട്ടം. ഇരുവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. യുഡിഎഫിനായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫിനായി സിപിഎമ്മിലെ അഡ്വ എംബി ഫൈസലുമാണ് കോമ്പ് കോര്‍ക്കുന്നത്. മലപ്പുറത്ത് വിജയസാധ്യതയില്‍ മുന്നിട്ടുനില്‍ക്കുന്ന കുഞ്ഞാലിക്കുട്ടി കോണി ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്. ഫൈസല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലും എന്‍. ശ്രീപ്രകാശ് താമര ചിഹ്നത്തിലും വോട്ട് തേടും. ആറു സ്വതന്ത്രരും മലപ്പുറത്ത് സാന്നിധ്യമറിയിച്ച് മല്‍സര രംഗത്തുണ്ട്. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.

0Shares