കല്‍ക്കത്ത: വിഖ്യാത ബംഗാളി ചലചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസായിരുന്നു. കല്‍ക്കത്തയിലെ വസതിയില്‍ ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ദാദാസാഹിബ് പുരസ്‌കാര ജേതാവായിരുന്നു. അമര്‍ഭുബന്‍, അന്തരീന്‍, മഹാപൃഥ്വി, ഏക് ദിന്‍ അചാനക്, ജെനസിസ, ഖാന്‍ഡഹാര്‍, ഖരീജ്, ചല്‍ചിത്ര, അകലേര്‍ സംന്ധാനേ കി, ഏക് ദിന്‍ പ്രൊതിദിന്‍, പറശുറാം, ഒകാ ഓരീ കൊഥ തുടങ്ങി 30 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ബംഗ്ലാദേശില്‍ ഉള്‍പ്പെട്ട ഫരീദ്പൂരില്‍ 1923 മെയ് 14ന് ജനനം. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദം നേടാനായി കൊല്‍ക്കത്തയിലെത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്‌കാരികവിഭാഗവുമായി ഈ കാലഘട്ടത്തിലാണ് അദ്ദേഹം ബന്ധപ്പെടുന്നത്. ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ))യുമായി സഹകരിച്ച് പ്രവര്‍ത്തിച്ച സെന്‍ ഒരുകാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല. എങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട കലാകാരനായാണ് അദ്ദേഹം അറിയപ്പെട്ടത്. ഇപ്റ്റയിലെ പ്രവര്‍ത്തനത്തിലൂടെ ധാരാളം കലാകാരന്മാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.
കലാലയപഠനത്തിനു ശേഷം ഒരു മരുന്നു കമ്പനിയുടെ വിപണനവിഭാഗത്തില്‍ ജോലിയായി അദ്ദേഹം കൊല്‍ക്കത്ത വിട്ടു. വൈകാതെ ആ ജോലി ഉപേക്ഷിച്ച് കൊല്‍ക്കത്തയിലെ ഒരു ഫിലിം ലബോറട്ടറിയില്‍ ശബ്ദവിഭാഗത്തില്‍ ടെക്‌നീഷ്യന്റെ ജോലി സ്വീകരിച്ചു. ചലച്ചിത്രരംഗത്തേക്കുള്ള സെന്നിന്റെ പ്രവേശനം അതോടെയാണ് സംഭവിക്കുന്നത്. അതിനുമുമ്പ് സിനിമയുടെ സൗന്ദര്യശാസ്ത്രത്തില്‍ താത്ത്വികമായ താത്പര്യം അദ്ദേഹം പുലര്‍ത്തിയിരുന്നു.
ആദ്യ ചിത്രം രാത്ത് ബോറെ (ഉദയം) 1953ലാണ് നിര്‍മ്മിച്ചത്. കലാജീവിതത്തിന്റെ ഭാഗമായി അദ്ദേഹം കണക്കാക്കാത്ത ആ ചിത്രത്തിനു ശേഷം നിര്‍മ്മിച്ച നീല്‍ ആകാഷേര്‍ നീചെ (നീലാകാശത്തിന്‍ കീഴെ)അദ്ദേഹത്തിന് പ്രാദേശികമായ അംഗീകാരം നേടിക്കൊടുത്തു. മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രവണ്‍ (വിവാഹനാള്‍) ദേശാന്തര പ്രശസ്തിയിലേക്ക് മൃണാള്‍ സെന്നിനെ ഉയര്‍ത്തി. 
സംസ്ഥാന-ദേശീയപുരസ്‌കാരങ്ങള്‍ക്കു പുറമെ ദേശാന്തര അംഗീകാരം ആവര്‍ത്തിച്ച് നേടിയ കലാകാരനാണ് മൃണാള്‍ സെന്‍. കാന്‍, ബെര്‍ലിന്‍, വെനീസ്, മോസ്‌കോ, കാര്‍ലോവി വാറി, മോണ്‍ട്രീല്‍, ഷിക്കാഗോ, കയ്‌റോ ചലച്ചിത്രോത്സവങ്ങളില്‍ സെന്‍ ചിത്രങ്ങള്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹബ് ഫാല്‍കെ പുരസ്‌കാരം 2005 ല്‍ അദ്ദേഹത്തിന് ലഭിച്ചു. 1998 മുതല്‍ 2003 വരെ പാര്‍ലമെന്റില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. ഫ്രാന്‍സ് കമാന്ത്യൂര്‍ ദ് ലോദ്ര് ദ ആര്‍ ഏ ലാത്ര് പുരസ്താരവും റഷ്യ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ് പുരസ്‌കാരവും നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വിവിധ സര്‍വ്വകലാശാലകള്‍ ഹോണററി ഡോക്ടറേറ്റ് ബിരുദവും നല്കിയിട്ടുണ്ട്.