വാഹനാപകടത്തില്‍ സുന്നി നേതാവ് സി.പി അബ്ദുര്‍ റഊഫ് മുസ്ലിയാര്‍ മരിച്ചു; അപകടമുണ്ടായത് കണ്ണൂര്‍ മാളിനടുത്ത്

  • Post category:news
  • Reading time:1 min read
You are currently viewing വാഹനാപകടത്തില്‍ സുന്നി നേതാവ് സി.പി അബ്ദുര്‍ റഊഫ് മുസ്ലിയാര്‍ മരിച്ചു; അപകടമുണ്ടായത് കണ്ണൂര്‍ മാളിനടുത്ത്

കണ്ണൂര്‍: താണക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ സുന്നി നേതാവ് മരിച്ചു. തളിപ്പറമ്പ് തിരുവട്ടൂര്‍ സ്വദേശിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ അംഗവും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.പി അബ്ദുറഊഫ് മുസ്ലിയാര്‍ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെ കണ്ണൂര്‍ കാപിറ്റല്‍ മാളിന് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വരുന്ന മകളെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിവരുന്നതിനിടെയാണ് അപകടമുണ്ടായത്. സാരമായ പരുക്കേറ്റ റഊഫ് മുസ്ലിയാരെ കണ്ണൂര്‍ കൊയ്ലി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കാറിലുണ്ടായ മറ്റുളളവര്‍ക്ക് പരുക്കുകളില്ല. റഊഫ് മുസ്ലിയാര്‍ തളിപ്പറമ്പ് അല്‍മഖര്‍ പ്രവര്‍ത്തക സമിതി അംഗമാണ്. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റായിരുന്നു. പാനൂര്‍ മോന്താല്‍ ജുമുഅ മസ്ജിദ്, പുത്തൂര്‍ മര്‍കസ്, മുട്ടം ഹസനുല്‍ ബസ്വരി ദര്‍സ്, കണ്ണൂര്‍ താഴെ ചൊവ്വ ജുമുഅ മസ്ജിദ്, ചപ്പാരപ്പടവ് ജുമുഅ മസ്ജിദ്, പട്ടുവം ജുമാമസ്ജിദ്, തളിപ്പറമ്പ് ബാഫഖി മദ്റസ, ബെംഗളൂരു മര്‍കസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഖത്തീബും മുദര്‍റിസുമായി സേവനം ചെയ്തിരുന്നു. തളിപ്പറമ്പ് ബദരിയ്യ നഗറിലാണ് താമസം.ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് സുഹൈല്‍, മുഹമ്മദ് സുലൈം, സുമയ്യ, മുഹമ്മദ് സുറൈജ് സഖാഫി, നുസൈബ, ജുമാന, ശുഐബ്, ശഹബാന (അല്‍മഖര്‍ ഇ.എം സ്‌കൂള്‍ വിദ്യാര്‍ഥിനി). മരുമക്കള്‍: ദുജാന മംഗര, സൈനബ ചപ്പാരപ്പടവ്, സിറാജുദ്ദീന്‍ സുഹ്രി, മുബീന മാണിയൂര്‍. ഹബീബ് കൊട്ടില, സൈനുദ്ദീന്‍ തളിപ്പറമ്പ് (ഖത്വര്‍). മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം തളിപ്പറമ്പ് മന്ന ഖബര്‍സ്ഥാനില്‍ ഖബറടക്കും.

0Shares