വാളയാര്‍ കേസ്: പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായത് ബന്ധുവിന്‍റെയും പ്രതികളുടെയും വീട്ടില്‍ വെച്ച്

  • Post category:news
  • Reading time:1 min read
You are currently viewing വാളയാര്‍ കേസ്: പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായത് ബന്ധുവിന്‍റെയും പ്രതികളുടെയും വീട്ടില്‍ വെച്ച്

വാളയാര്‍ കേസില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായത് വല്യമ്മയുടെയും പ്രതികളുടെയും വീടുകളിലും സ്വന്തം ഭവനത്തില്‍ വെച്ചുമാണെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ പീഡനത്തിനിരയായതായി കുറ്റപത്രത്തിലും മൊഴി പകര്‍പ്പുകളിലും സൂചനയുണ്ടെങ്കിലും പോലീസ് അക്കാര്യം ഗൗരവമായി പരിഗണിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മൂത്തകുട്ടി പീഡനത്തിന് ഇരയായത് സ്വന്തംവീട്ടിലും വല്യമ്മയുടേയും പ്രതികളുടേയും വീടുകളിലും വെച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി.

കുട്ടികളെ മാനഭംഗപ്പെടുത്തുന്നത് കണ്ടെന്ന് രണ്ടാനച്ഛനും, പീഡനത്തിനിരയായിരുന്നതായി കുട്ടികള്‍ പറഞ്ഞിരുന്നെന്ന് മാതാവും പറഞ്ഞിട്ടുണ്ട്. കേസില്‍ നിര്‍ണ്ണായകമാകുമായിരുന്ന മൂത്ത കുട്ടി മരിച്ച ദിവസം മുഖം മറച്ച് രണ്ടു പേരെ കണ്ടെന്ന ഇളയകുട്ടിയുടെ മൊഴി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.

2016 ഏപ്രില്‍ മുതല്‍ 2017 ജനുവരിയില്‍ മരിക്കുന്നത് വരെ പീഡനം തുടര്‍ന്നിരുന്നു. കുട്ടികള്‍ ഇരയാകുന്ന വിവരം മരിക്കുന്നതിന് മുന്‍പ് അമ്മയുമറിഞ്ഞിരുന്നു എന്ന വിവരവും മാതാവിന്‍റെ മൊഴിയും കുറ്റപത്രത്തിലുണ്ട്. ലൈംഗിക പീഡനത്തിലൂടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാകുന്നതായി മകള്‍ പറഞ്ഞിരുന്നതായി മാതാവ് പറഞ്ഞിരുന്നു. എന്നാല്‍ പ്രതികളുടെ സ്വാധീനവും ബന്ധവും പ്രതികള്‍ കുട്ടികളെ അപായപ്പെടുത്തുമോ എന്ന ഭയവും മൂലമാണ് മറച്ചുവെച്ചതെന്നാണ് മാതാവ് പറഞ്ഞിരിക്കുന്നത്.

മറ്റ് മാര്‍ഗ്ഗമില്ലാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് മാതാവ് നല്‍കിയിരിക്കുന്ന മൊഴി. ഇനി എനിക്ക് ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇക്കാര്യം മൊഴിയിലുണ്ടെങ്കിലും അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. മൊഴിപകര്‍പ്പില്‍ ബന്ധുക്കളും അയല്‍വാസികളുമെല്ലാം പ്രതികള്‍ പലതവണ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ വീട്ടിലെ പതിവ് സന്ദര്‍ശകരായിരുന്നു എന്നും മൊഴി നല്‍കി. 57 സാക്ഷികളാണ് കേസിലുള്ളത്.

0Shares