കൊച്ചി: നടി ഭാവനയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ സിനിമാ പ്രവര്‍ത്തകര്‍ ഒത്തുകൂടി നടിക്ക് പിന്തുണ അറിയിച്ചു. മമ്മൂട്ടി അടക്കം പലപ്രമുഖരും യോഗത്തിന് എത്തിയിരുന്നു. നടന്‍ ദിലീപ്, നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ സംസാരിച്ചു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും സിനിമക്ക് അപ്പുറം സാധാരണ വീട്ടിലാണ് ഈ സംഭവം നടന്നതെന്ന് എല്ലാവരും ഓര്‍ക്കണമെന്നും ഈ സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കിയതായും ദിലീപ് പറഞ്ഞു.

മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കരുത്, കേസ് അന്വേഷണം നേര്‍വഴിക്കാണ് പോകുന്നതെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ നടി മഞ്ജു വാര്യരുടെ പ്രതികരണം നേരെ മറിച്ചായിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നുമായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍. ഭാവനയുടെ അടുത്ത കൂട്ടുകാരി കൂടിയായ മഞ്ജുവാര്യര്‍ അത്യന്തം ഗൗരവത്തോടെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.