
സ്പെയിന്‍: വാതില്‍ അടയും മുന്‍പേ ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രസവശേഷം സ്ട്രെച്ചറില്‍ കിടക്കുകയായിരുന്ന യുവതിയുടെ ശരീരം രണ്ടായി പിളര്‍ന്നു. പ്രസവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് യുവതിയുടെ ദാരുണ മരണം. തെക്കന്‍ സ്പെയിനിലെ സെവിലിലെ വെര്‍ജിന്‍ ഡി വാല്‍മെ ആശുപത്രിയിലാണ് സംഭവം നടന്നത്. 26 കാരിയായ റോസിയോ കോര്‍ട്സ് നൂനസ് എന്ന യുവതിയാണു ലിഫ്റ്റില്‍ കുടുങ്ങി മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് പ്രസവം നടന്നത്. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടരമണിയോടെ മുകള്‍ നിലയിലെ വാര്‍ഡിലേക്കു മാറ്റുന്നതിനിടെയാണ് അപകടം. റോസിയോയും നവജാതശിശുവുമായി വന്ന സ്ട്രെച്ചര്‍ പൂര്‍ണമായി അകത്ത് കയറ്റാന്‍ അറ്റന്‍ഡര്‍ ശ്രമിക്കുന്നതിനു മുന്‍പ് തന്നെ ലിഫ്റ്റ് മേലോട്ടുയരുകയായിരുന്നു. ലിഫ്റ്റിന്റെ ലോഹഭാഗങ്ങളില്‍ തട്ടിയാണ് ശരീരം രണ്ടായി മുറിഞ്ഞത്.
മരണവേദനയ്ക്കിടയിലും പൊതിഞ്ഞു ചേര്‍ത്തുപിടിച്ച അമ്മയുടെ കൈക്കുള്ളില്‍ കുഞ്ഞു ടിയാന സുരക്ഷിതയായിരുന്നു. ലിഫ്റ്റില്‍ അകപ്പെട്ട യുവതിയുടെ ശരീരം വേര്‍പെടുത്താന്‍ ഫയര്‍ഫോഴ്സ് രണ്ടുമണിക്കൂറോളം സമയം വേണ്ടിവന്നു. ഡോക്ടര്‍മാര്‍ക്ക് പോലും രക്ഷപ്പെടുത്താന്‍ കഴിയാത്തത്ര കുരുക്കിലാണ് യുവതി അകപ്പെട്ടത്. അതേസമയം അപകടത്തില്‍പെട്ട ലിഫ്റ്റ് കഴിഞ്ഞ ആഴ്ച പരിശോധിച്ചിരുന്നുവെന്നും പരിശോധനയില്‍ യാതൊരു കുഴപ്പവും ഇല്ലെന്ന് ബോധ്യമായതാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടെ മരണത്തോടെ നാലും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പെണ്‍മക്കള്‍ അനാഥരായിരിക്കയാണ്.