കൊല്‍ക്കത്ത: മൊബൈല്‍ ഫോണില്‍ അമിതമായി ഉപയോഗിച്ചതില്‍ വീട്ടുകാരുടെ വഴക്ക് കേട്ട് മനംനൊന്ത പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പാരഗണാസ് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. കുട്ടിക്ക് ഫെയ്സ്ബുക്ക് ആസക്തി പ്രകടമായുണ്ടായിരുന്നെന്നും മരിക്കുന്നതിനായി മുന്‍പായി പെണ്‍കുട്ടി തന്റെ വാട്സാപ്പ് സ്റ്റാറ്റസ് ‘ഞാന്‍ മരിച്ചു’ എന്നാക്കി മാറ്റിയിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ജീവിക്കാനുള്ള താത്പര്യം നഷ്ടപ്പെട്ടെന്ന് ഫേസ്ബുക്കിലും പോസ്്റ്റു ചെയ്തിരുന്നു. ഫാനില്‍ സ്വന്തം വസ്ത്രം ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. മണിക്കൂറുകളോളം മൊബൈല്‍ ഉപയോഗിച്ചതിന് പെണ്‍കുട്ടിയെ വെള്ളിയാഴ്ച മൂത്തസഹോദരന് വഴക്ക് പറഞ്ഞെന്നു കുടുംബാഗംങ്ങള്‍ പറയുന്നു. പുതിയ മൊബൈല്‍ ഫോണ്‍ കിട്ടിയപ്പോള്‍ മുതല്‍ മകളുടെ ലോകം ഫോണിലായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.
ഫോണ്‍ കിട്ടിയ ശേഷം അവള്‍ക്ക് വിശപ്പോ ദാഹമോ ഇല്ല. പഠിത്തതിലും താത്പര്യം കുറഞ്ഞു. സ്കൂളില്‍ പോവാനും മടിയായിരുന്നു. ഈ മാറ്റം ശ്രദ്ധിച്ച സഹോദരന് ഇതിന്റെ പേരില്‍ കുട്ടിയെ ശകാരിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെയും സഹോദരന് ഇക്കാര്യം ചൂണ്ടിക്കാട്ടി അനിയത്തിയെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഇതില്‍ പിണങ്ങി ആ ദിവസം മുഴുവന്‍ പെണ്‍കുട്ടി ആരോടും മിണ്ടാതെ വീട്ടിലിരുന്നു. വൈകുന്നേരം ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു ബന്ധുവിനെ കാണാന്‍ പോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. തീര്‍ത്തും അപ്രതീക്ഷിതമായുണ്ടായ ആത്മഹത്യയുടെ ആഘാതത്തിലാണ് പെണ്‍കുട്ടിയുടെ കുടുംബം. അനിയത്തി എന്തിനാണ് ഇത്രവലിയൊരു സാഹസം കാണിച്ചതെന്ന് തനിക്കിപ്പോഴും മനസ്സിലാവുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മൂത്തസഹോദരി പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നു പോലീസ് ഹാബ്ര പോലിസ് പറയുന്നു.