
വഴിവിട്ട് വായ്പ നല്കി എന്ന കേസില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ എം.ഡി ചന്ദാ കോച്ചറിന്റെയും കുടുംബത്തിന്റെയും സ്വത്തുകള്‍ കണ്ടുകെട്ടി. 78 കോടി രൂപ വില വരുന്ന സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. വീഡിയോകോണിനു വഴിവിട്ട് വായ്പ നല്‍കിയെന്ന കേസിലാണ് നടപടി.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ചന്ദ കോച്ചറിനെതിരെയും അവരുടെ ഭര്‍ത്താവ് ദീപക് കോച്ചറിനെതിരെയും വീഡിയോകോണ്‍ എം.ഡി വേണുഗോപാലിനെതിരെയും എന്‍ഫോഴ്മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ വര്‍ഷം കേസെടുത്തിരുന്നു.
ചന്ദ കോച്ചര്‍ സി.ഇ.ഒ ആയിരുന്ന കാലത്ത് വീഡിയോകോണിന് 3,250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടതാണ് കേസ്. ദീപക് കോച്ചറിന് കോടികള്‍ നല്കി സ്വാധീനിച്ച് വേണുഗോപാല്‍ 2012ല്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍നിന്ന് വായ്പയെടുത്തുവെന്നാണ് പ്രധാന ആരോപണം.
