
പൂനെ: ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്രയിലെ ഒരു കൂട്ടം കര്‍ഷകര്‍. കാര്‍ഷിക വിളകളുടെ വിലയില്‍ വന്ന കനത്ത ഇടിവും ലോണ്‍ തുക തിരിച്ചടയ്ക്കാന്‍ കഴിയാതെ കടക്കെണിയിലുമായ കര്‍ഷകരാണ് ഒരു തവണ പറ്റിയ തെറ്റ് വീണ്ടും തങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പറയുന്നത്.’ വരും മാസങ്ങളില്‍ ചിലപ്പോള്‍ വലിയ വാഗ്ദാനവുമായി ബി.ജെ.പി എത്തും. ചില കാര്യങ്ങളെല്ലാം അവര്‍ ചെയ്തു തന്നെന്നും വരാം. എന്നാല്‍ ഞങ്ങള്‍ ബി.ജെ.പിക്കെതിരെ വോട്ട് രേഖപ്പെടുത്തും. 2014 ആവര്‍ത്തിക്കാന്‍ ഇനിയും അനുവദിക്കില്ല. ‘- മാദ്കൂര്‍ നാഗരെ എന്ന കര്‍ഷകന്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ഉള്ളിയ്ക്ക് വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ വലിയ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. ലോറിയില്‍ ഉള്ളി എത്തിച്ച് ദേശീയപാതയില്‍ തള്ളിയും ദേശീയ പാത ഉപരോധിച്ചുമായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.

ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 83 ശതമാനത്തിലേറെയാണ് ഉള്ളിയ്ക്ക് വില കുറഞ്ഞത്.വിളകള്‍ക്ക് നല്‍കുന്ന താങ്ങുവിലയിലെ വ്യത്യാസവും വിദേശരാജ്യങ്ങളില്‍ നിന്നും ഡിമാന്റ് ദുര്‍ബലമായതും കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഉള്ളി കര്‍ഷകര്‍ക്ക് ക്വിന്റലിന് വെറും 200 രൂപ മാത്രം എക്സ് ഗ്രേഷ്യ നല്‍കിക്കൊണ്ടുള്ള മഹാരാഷ്ട്രയിലെ ബി.ജെ.പി. സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട്, എന്‍.സി.പിയും കോണ്‍ഗ്രസ്സും രംഗത്തെത്തിയിരുന്നു.കര്‍ഷകരെ ക്രൂരമായി പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും, ഇവര്‍ക്കുള്ള സഹായം വെറും 200 രൂപയില്‍ ഒതുക്കാന്‍ പാടില്ലെന്നും കോണ്‍ഗ്രസും എന്‍.സി.പിയും അടങ്ങുന്ന പ്രതിപക്ഷം പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ ക്വിന്റലിന് 500 രൂപയാണ് കര്‍ഷകര്‍ ആവശ്യപെട്ടിരുന്നതെന്ന് മഹാരാഷ്ട്രയിലെ ഫഡ്‌നാവിസ് സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് എം.എല്‍.എയും എന്‍.സി.പിക്കാരനുമായ ധനഞ്ജയ് മുണ്ടേ പറഞ്ഞു. ‘അതുകൊണ്ട് കിലോയ്ക്ക് 2 രൂപ ആക്കിയ തീരുമാനം മാറ്റി, കിലോയ്ക്ക് 5 രൂപ നല്‍കുകയും, ആ പണം ഉടന്‍ തന്നെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുകയും വേണമെന്നും.’ മുണ്ഡേ പറഞ്ഞു.
