പൂണെ: ഉപജീവന മാര്‍ഗമായി തുടങ്ങിയതായിരുന്നു കൃഷിയും ഓട്ടോ റിക്ഷ ഡ്രൈവറുടെ കുപ്പായവും. ഒടുവില്‍ വര്‍ഷങ്ങളോളം ഓട്ടോയോടിച്ച റോഡില്‍ തന്നെ മേയറുടെ കാറില്‍ സഞ്ചരിച്ചപ്പോള്‍ രാഹുല്‍ ജാദവ് എന്ന 36കരന്റെ മനസില്‍ സന്തോഷം അലതല്ലി. പത്താം ക്ലാസ് വരെ പഠിച്ച ശേഷം സാമ്പത്തിക പ്രശ്‌നം മൂലം തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാതെ രാഹുല്‍ കൃഷിയിലേക്ക് തിരിഞ്ഞു. ഇതിനു ശേഷം ഓട്ടോ ഓടിച്ചാണ് രാഹുല്‍ കുടുംബം പുലര്‍ത്തിയത്. 2006ല്‍ മഹാരാഷ്ട്രയില്‍ ആറ് സീറ്റുള്ള ഓട്ടോ നിരോധിച്ചു. പിന്നിട് രാഹുലിന് വീണ്ടും കൃഷിയിലേക്ക് തിരിയേണ്ടി വന്നു. ഇതിനൊപ്പം തന്നെ വരുമാനം കണ്ടെത്താന്‍ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറായും രാഹുല്‍ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണു രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയില്‍ (എം.എന്‍.എസ്) ചേര്‍ന്നത്. 2012ല്‍ കോര്‍പറേറ്ററായി.
2017ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു മല്‍സരിച്ച് രാഹുല്‍ രണ്ടാമതും കോര്‍പറേറ്റര്‍ പദവിയിലെത്തി. അന്ന് അധികാരത്തിലെത്തിയ ബി.ജെ.പി മേയറായി നിയോഗിച്ച നിതിന്‍ കാല്‍ജെ അടുത്തിടെ രാജിവെച്ചിരുന്നു. ഇതോടെയാണ് മേയറുടെ പദവിയിലിരിക്കാന്‍ രാഹുല്‍ ജാധവിന് വീണ്ടും അവസരമുണ്ടായത്. പുണേയിലെ പിംപ്രി-ചിഞ്ച്വാഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായാണ് രാഹുല്‍ ശനിയാഴ്ച്ച ചുമതലയേറ്റത്.’ ”ഓട്ടോ ഡ്രൈവറായിരുന്ന ഞാന്‍ ജനങ്ങളുടെ പല പ്രയാസങ്ങളും തൊട്ടടുത്തു നിന്നു കണ്ടിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനാണ് ആദ്യ പരിഗണന ചെയ്യുക .ഒപ്പം , ഐ.ടി കമ്പനികളും ഓട്ടോ മൊബൈല്‍ ഫാക്ടറികളും ഏറെയുള്ള നഗരത്തില്‍ വ്യവസായ പുരോഗതി ഉറപ്പാക്കുകയും ചെയ്യുമെന്ന് ‘ മേയര്‍ രാഹുല്‍ ജാധവ് വ്യക്തമാക്കി.
വര്‍ഷങ്ങളോളം ഓട്ടോറിക്ഷ ഓടിച്ച റോഡില്‍ നിന്നും മേയറുടെ കാറിലൊരു യാത്ര