ഉത്തര്‍പ്രദേശ്: തികഞ്ഞ വര്‍ഗ്ഗീയവാദിയെന്ന് അറിയപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താരപരിവേഷം നല്‍കി പുതിയ ക്ഷേമ പദ്ധതി. വര്‍ഗ്ഗീയ കാര്യങ്ങളില്‍ മൃതു സമീപനമല്ല യോഗി ആദിത്യനാഥിന് ഉള്ളത് എങ്കിലും, യു.പിയിലെ മുഖ്യമന്ത്രി എന്ന നിലയില്‍ എല്ലാവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് തെളിയിക്കുകയാണ് അദ്ദേഹം. നിര്‍ധന കുടുംബത്തിലെ അവിവാഹിതരായ എല്ലാ യുവതികള്‍ക്കും മാംഗല്ല്യമൊരുക്കിയാണ് ഇപ്പോള്‍ ആദിത്യനാഥ് താരമായിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കായുള്ള സമൂഹ വിവാഹം സര്‍ക്കാരിന്റെ നൂറിന കര്‍മപരിപാടികളില്‍ ഉള്‍പ്പെടുത്തുകയും അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തതായി ന്യൂനപക്ഷ വകുപ്പ് മന്ത്രി മൊഹ്സിന്‍ റാസ അറിയിച്ചിട്ടുണ്ട്. സമൂഹവിവാഹത്തില്‍ വിവാഹിതരാകുന്ന യുവതികളുടെ വിവാഹ ചെലവ് ഏറ്റെടുക്കുകയും ഓരോ പെണ്‍കുട്ടിക്കും 20,000 രൂപ വീതം നല്‍കുകയും ചെയ്യുന്നു.

ഈ ക്ഷേമ പദ്ധതിയിലൂടെ സംസ്ഥാനത്തെ ജനസംഖ്യയുടെ 20 ശതമാത്തോളം വരുന്ന മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ കിട്ടുകയെന്ന് മന്ത്രി മൊഹ്സിന്‍ റാസ പറഞ്ഞു. മുസ്ലിം വിഭാഗത്തിന് പുറമേ സിഖ്, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കും സമൂഹവിവാഹത്തില്‍ പങ്കെടുക്കാനാവും. ജനങ്ങള്‍ക്കുവേണ്ടി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ക്കാണ് അദ്ദേഹം തുടക്കത്തില്‍ ഊന്നല്‍ നല്‍കിയത്. ലൈസന്‍സില്ലാത്ത അറവുശാലകള്‍ പൂട്ടുന്നതും സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി പൂവാലശല്യം കുറയ്ക്കുന്നതിനുള്ള ആന്റി റോമിയോ നിയമവും തുടക്കത്തില്‍ ചില വിവാദങ്ങളുണ്ടാക്കിയെങ്കിലും, താന്‍ എല്ലാവരുടെയും മുഖ്യമന്ത്രിയായിരിക്കുമെന്ന് പ്രഖ്യാപിക്കുന്ന പദ്ധതികളാണ് ആദിത്യനാഥ് പിന്നീട് അവതരിപ്പിച്ചത്. ഇത് സമൂഹത്തില്‍ അദ്ദേഹത്തിനു കൂടുതല്‍ കൈയ്യടി നേടിയെടുക്കാന്‍ സാധ്യമായി.