
കാസര്‍കോട്: ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട് ജില്ലയില്‍ സംഘപരിവാര്‍ സംഘടനകള്‍ വര്‍ഗീയ സ്വഭാവത്തോടെയാണ് പരക്കെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് സി.പി.എം കാസര്‍കോട് ജില്ലാകമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അടുത്തെങ്ങും കണ്ടിട്ടില്ലാത്തവിധത്തില്‍ സ്ത്രീകള്‍ ഉള്‍പെടേയുള്ള സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെയും പാര്‍ടി ഓഫീസുകള്‍ക്കുനേരെയും ആക്രമണം തുടരുകയാണ്. മാധ്യമപ്രവര്‍ത്തകരും അക്രമത്തിന് ഇരയായിരിക്കുകയാണ്. ഏക പക്ഷീയമായി ബി.ജെ.പി ആര്‍.എസ്.എസ് സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ ചെറുത്തുനില്‍പ് തുടരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണിപ്പോള്‍. ജില്ലയുടെ ശാന്തിയും സമാധാനവും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന് സി.പി.എം അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ ജില്ലയില്‍ പലയിടത്തും കോണ്‍ഗ്രസുകാര്‍ പരസ്യമായി തന്നെ സംഘപരിവാറിനൊപ്പം ചോര്‍ന്നിരിക്കുകയാണ്. പെരിയ, കല്ല്യോട്ട്, ചെറുവത്തൂര്‍, മയിച്ച, തൃക്കരിപ്പൂര്‍ ടൗണ്‍ എന്നിങ്ങനെ പല സ്ഥലങ്ങളിലും കോണ്‍ഗ്രസുകാരും, ആര്‍.എസ്.എസുകാരും ഒരുമിച്ചാണ് സംഘര്‍ഷം സൃഷ്ടിച്ചത്. ജനാധിപത്യ വിശ്വാസികള്‍ ഈ കപട രാഷ്ട്രീയത്തെ ഒറ്റപ്പെടുത്താന്‍ തയ്യാറാകണം.
ഈ തീക്കളി അവസാനിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനങ്ങള്‍ തയ്യാറാകണമെന്ന് സി.പി.എം അഭ്യര്‍ഥിച്ചു. പലയിടത്തും കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ആര്‍.എസ്.എസ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പോലീസിനോട് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എം രാജഗോപാന്‍ എം.എല്‍.എ, കെ.പി സതീഷ് ചന്ദ്രന്‍, വി.പി.പി മുസ്തഫ എന്നിവര്‍ ഒപ്പം സംബന്ധിച്ചു.