വര്‍ഗീയ ധ്രുവീകരണത്തിനായി ബലാല്‍സംഗം ആയുധമാക്കുകയാണ് സംഘപരിവാര്‍; അമേരിക്കയുടെ ആജ്ഞാനുവര്‍ത്തികളായി കേന്ദ്ര സര്‍ക്കാര്‍ മാറി: യെച്ചൂരി

  • Post category:news
  • Reading time:1 min read
You are currently viewing വര്‍ഗീയ ധ്രുവീകരണത്തിനായി ബലാല്‍സംഗം ആയുധമാക്കുകയാണ് സംഘപരിവാര്‍; അമേരിക്കയുടെ ആജ്ഞാനുവര്‍ത്തികളായി കേന്ദ്ര സര്‍ക്കാര്‍ മാറി: യെച്ചൂരി

മുഹമ്മദ് അമീന്‍ നഗര്‍ (ഹൈദരാബാദ്): രാജ്യത്തെ ജനങ്ങളും മതേതര ജനാധിപത്യ റിപ്പബ്ലിക്കും അനേകമായ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് സിപിഐ എം അതിന്റെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍എസ്എസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ജനങ്ങളുടെ ജീവിതം പൂര്‍ണ ദുരിതത്തിലാക്കുകയും ഒപ്പം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വലിയ തോതില്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്യുകയാണെന്നും യെച്ചൂരി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ഉന്നാവ -കത്വവ സംഭവങ്ങളിലൂടെ സമൂഹത്തില്‍ മനുഷ്യത്വമില്ലായ്മ നടപ്പിലാക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിനായി ബലാല്‍സംഗം ഒരായുധമാക്കുന്നത് അത്യന്തം നാണം കെട്ട പ്രവൃത്തിയാണ്. വേറൊരു കാലത്തും ഇല്ലാത്ത വിധത്തില്‍ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് മൂര്‍ച്ചകൂട്ടി സമൂഹത്തില്‍ നിലനില്‍ക്കുന്ന ഐക്യം നശിപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍, പാര്‍ലമെന്ററി ജനാധിപത്യം നിലനിര്‍ത്തേണ്ട സ്ഥാപനങ്ങള്‍ എന്നിവയെ എല്ലാം കടന്നാക്രമിച്ച് ജനാധിപത്യ വിരുദ്ധശക്തികളെ കെട്ടഴിച്ചുവിടുകയും; അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളായി സര്‍ക്കാര്‍ മാറുകയുമാണെന്നും യെച്ചൂരി ആരോപിച്ചു.ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയം തള്ളുകയും യുഎസ്-ഇസ്രായേല്‍- ഇന്ത്യ അവിശുദ്ധ ബന്ധം ആഗോള ഇടപെടുലുകളില്‍ പുലര്‍ത്തുന്ന അവസ്ഥയുമാണ് ഇന്ന് കാണാന്‍ സാധിക്കുന്നത്. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില വാഗ്ദാനം ചെയ്യുകയും പിന്നീട് പറഞ്ഞതെല്ലാം വിഴുങ്ങുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ . രണ്ട് മഹത്തായ രാജ്യവ്യാപക പ്രക്ഷേഭം ഇന്ത്യന്‍ തൊഴിലാളി വര്‍ഗം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ നടത്തി. ഗോരക്ഷയുടെ പേരില്‍ മുസ്ലിങ്ങളേയും ദളിതരേയും മര്‍ദ്ദിച്ചുകൊല്ലുന്നു. ഏത് തരത്തില്‍ വസ്ത്രം ധരിക്കണം, എന്ത് ഭക്ഷിക്കണം, ആരുമായി കൂട്ടുകൂടണം എന്നി നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവരെ ആര്‍എസ്എസിന്റെ കീഴിലുള്ള സേനകള്‍ ആക്രമിക്കുന്നു. ഇതുവഴി സാമൂഹത്തെ നിയന്ത്രിക്കാനും ഇത്തരക്കാര്‍ ശ്രമിക്കുന്നു. കേരളത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആര്‍എസ്എസ് ബിജെപി സംഘം ആക്രമിക്കുകയാണ്. എന്നാല്‍ അക്രമകാരികളാണ് സിപിഐ എം എന്ന തെറ്റായ സന്ദേശം രാജ്യമാകെ പ്രചരിപ്പിക്കുന്നു. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. നവലിബറല്‍ നയങ്ങളിലൂടെ മോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വലിയ അസമത്വമാണ് സൃഷ്‌ടിക്കുന്നതെന്നും യെച്ചൂരി പ്രസംഗത്തില്‍ വിശദീകരിച്ചു.

0Shares