വര്‍ഗീയതയിലൂടെ രാഷ്ട്രീയ മുതലെടുപ്പ്; ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി മുസ്‌ലിം ലീഗ്

  • Post category:news
  • Reading time:1 min read
You are currently viewing വര്‍ഗീയതയിലൂടെ രാഷ്ട്രീയ മുതലെടുപ്പ്; ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി മുസ്‌ലിം ലീഗ്

പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്‌ലിം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മുസ്‌ലിംലീഗിന്‍റെ നാല് എം.പിമാര്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്. പി. കെ കുഞ്ഞാലിക്കുട്ടി, ഇ. ടി മുഹമ്മദ് ബഷീര്‍, പി. വി അബ്ദുള്‍ വഹാബ്, നവാസ് കാനി എന്നീ പാര്‍ലമെന്റ് അംഗങ്ങളാണ് ഹര്‍ജി നല്‍കിയത്.

മതത്തിന്‍റെ പേരില്‍ മുസ്‌ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. പാര്‍ലമെന്റിന്‍റെ ഇരുസഭകളും പാസാക്കിയ ഭേദഗതി ബില്ല് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മറ്റ് മതവിഭാഗങ്ങള്‍ക്ക് നല്‍കുന്ന അവകാശം മുസ്ലിങ്ങള്‍ക്ക് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കുന്നത്.മുസ്‌ലിം ലീഗിന് വേണ്ടി കബില്‍ സിബല്‍ കോടതിയില്‍ഹാജരാകും.

രാജ്യം മുഴുവന്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതായും അതിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജി നല്‍കാന്‍ എം.പിമാര്‍ നേരിട്ടെത്തിയതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പിവ്യക്തമാക്കി.

‘ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കെതിരാണ് പൗരത്വഭേദഗതി ബില്‍. പൗരത്വത്തില്‍ നിന്ന് ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കി നിയമം കൊണ്ടു വന്നിരിക്കുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമാണിത്. സോണിയാഗാന്ധി പറഞ്ഞതുപോലെ തന്നെ ഇന്ത്യയുടെ കറുത്ത ദിനമായിരുന്നു ഇന്നലെ. മതത്തിന്‍റെ പേരിലുള്ള ഈ വിഭജനം ഇന്ത്യയ്ക്ക് വലിയ ആപത്തുണ്ടാക്കും. നാളെ ഭാഷ, നിറം, പ്രാദേശികത്വം എന്നിവയുടെ പേരിലും വിവേചനമുണ്ടായേക്കാം’.

‘ഭരണഘടന അനുസരിച്ച് തുല്യതയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നത്’. അത് തടയും, ഹര്‍ജിയില്‍ അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares