വയനാട് മിച്ചഭൂമി തട്ടിപ്പ്; ഏഷ്യാനെറ്റ് കൊണ്ടുവന്ന വാര്‍ത്തയ്ക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍; സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വയനാട് മിച്ചഭൂമി തട്ടിപ്പ്; ഏഷ്യാനെറ്റ് കൊണ്ടുവന്ന വാര്‍ത്തയ്ക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍; സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വയനാട് മിച്ചഭൂമി തട്ടിപ്പില്‍ ഏഷ്യാനെറ്റ് കൊണ്ടുവന്ന വാര്‍ത്തയ്ക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബോധപൂര്‍വം ഉണ്ടാക്കിയ വാര്‍ത്തയാണിതെന്നും മന്ത്രി ആരോപിച്ചു. അതേസമയം, മിച്ചഭൂമി തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറയ്ക്കാനില്ല. അഴിമതി സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല. സര്‍ക്കാര്‍ തലത്തിലോ മന്ത്രി തലത്തിലോ അഴിമതി നടന്നിട്ടില്ല. സര്‍ക്കാരില്‍ രണ്ടു തരം ഉദ്യോഗസ്ഥരുണ്ട്. അവരില്‍ ചിലര്‍ കൈക്കൂലികാരനാണ്. ഭൂരിപക്ഷവും നല്ല രീതിയില്‍ ജോലി ചെയ്യുന്നവരാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പ്രതിപക്ഷത്തുനിന്നും വി.ഡി സതീശനാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം പരിഗണിക്കുന്നതിനെതിരെ സി.പി.ഐയിലെ സി.ദിവാകരന്‍ ക്രമപ്രശ്‌നം ഉന്നയിച്ചുവെങ്കിലും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് അടിയന്തര പ്രമേയം ചര്‍ച്ചയ്ക്കെടുത്തത്. ഭൂ മാഫിയക്കെതിരെ നടപടിയുണ്ടാകുമെന്നും കാശ് വാങ്ങിയെന്നു ദൃശ്യങ്ങളില്‍ കണ്ട ഡെപ്യൂട്ടി കളക്ടറെ സസ്‌പെന്‍ഡ് ചെയ്തുവെന്നും സമഗ്ര അന്വേഷണം നടത്തുന്നുണ്ടെന്നും റവന്യൂമന്ത്രി സഭയെ അറിയിച്ചു. കുറ്റക്കാര്‍ ആരായാലും നടപടി ഉണ്ടാകും. സംഭവത്തെ രാഷ്ട്രീയമായി കാണരുതെന്നും റവന്യൂ മന്ത്രി പറഞ്ഞു.

0Shares