
വയനാട് ജില്ലയിലെ അമ്പലവയലില്‍ ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം സദാചാര ഗുണ്ടായിസത്തിന്‍റെ ഭാഗമെന്ന് അന്വേഷണസംഘം. മര്‍ദ്ദനത്തിനിരയായ യുവതിയെ പോലീസ് കണ്ടെത്തി. കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. സംഭവം നടന്ന ഞായറാഴ്ച്ച പകല്‍ യുവതിയെയും യുവാവിനേയും അമ്പലവയലില്‍ ഇവര്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തത്തിയും പ്രതി ശല്യപ്പെടുത്തിയിരുന്നതായി പോലീസിന് വ്യക്തമായി.
തുടര്‍ന്ന് രണ്ടു പേരും എതിര്‍ത്തപ്പോള്‍ പകയോടെ പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയെ അന്വേഷണ സംഘം കണ്ടെത്തി ഫോണില്‍ സംസാരിച്ചതോടെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. ഇതിനിടെ സജീവനന്ദന്‍ കര്‍ണാടകയില്‍ ഉണ്ടെന്ന സൂചനകളെ തുടര്‍ന്ന് പോലീസ് കര്‍ണ്ണാടകയില്‍ അന്വേഷണം ശക്തമാക്കി. യുവതിയോടൊപ്പമുണ്ടായിരുന്നയാള്‍ ഊട്ടി സ്വദേശിയാണെന്ന് പോലീസ് വിവരം ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല.

ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ഒരു ലോഡ്ജില്‍ താമസിക്കുമ്പോള്‍ത്തന്നെ സജീവാനന്ദന്‍ ഇവരുടെ മുറിയില്‍ ഇടിച്ചു കയറി. ഇരുവരോടും അപമര്യാദയായി പെരുമാറി. ഇതിനെ അവര്‍ എതിര്‍ത്തതോടെ ബഹളമായി. ഇവര്‍ താമസിച്ച ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദന്‍ രണ്ട് പേരെയും ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടു.
പ്രശ്‌നമായപ്പോള്‍ ഒതുക്കാന്‍ ഇരുവരെയും ലോഡ്ജ് ജീവനക്കാരും പുറത്താക്കി. ഇതിന് ശേഷം സജീവാനന്ദന്‍ ഇവരെ പിന്തുടര്‍ന്ന് അമ്പലവയല്‍ ടൗണില്‍ വച്ച് ആക്രമിക്കുകയായിരുന്നെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
