വയനാട്: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മേപ്പാടി മുണ്ടക്കൈ മേഖലയില്‍ ശനിയാഴ്ച രാത്രിയാണ് മാവോവാദികളെത്തിയത്. ഇവിടെയുള്ള എസ്റ്റേറ്റ് പാടിക്ക് സമീപമാണ് ഇവരെത്തിയത്. രാത്രി ഏകദേശം മൂന്നുമണിയോടുകൂടി മുന്നംഗ സംഘം പാടിയോടുചേര്‍ന്ന ഷെഡ്ഡില്‍ ഭക്ഷണം പാകം ചെയ്തു കഴിച്ചു. സമീപത്ത് താമസിക്കുന്ന വീട്ടുകാര്‍ ശബ്ദംകേട്ട് എത്തിയപ്പോഴേക്കും ഇവര്‍ കടന്നുകളഞ്ഞുവെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ ദിവസം മേപ്പാടിക്കടുത്ത കള്ളാടിയിലെ എമറാള്‍ഡ് എസ്റ്റേറ്റിലെ ഇതര സംസ്ഥാന തൊഴിലാളികളെ സായുധരായ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തൊഴിലാളികളെ ബന്ദിയാക്കിയത്.എന്നാല്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും രക്ഷപ്പെട്ടു. മാവോയിസ്റ്റുകള്‍ക്കായുള്ള അന്വേഷണം പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. വയനാടന്‍ ഉള്‍വനങ്ങളിലേക്കും പൊലീസ് തെരച്ചില്‍ വ്യാപകമാക്കി. മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ചുമതല കണ്ണൂര്‍ എസ്.പി.ക്കാണ്.
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; എസ്റ്റേറ്റ് പാടിക്ക് സമീപമാണ് മുന്നംഗ സംഘം എത്തിയത്