
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബി.ജെ.പിയാണ‌് മുഖ്യ ശത്രുവെങ്കിൽ അവർക്ക‌് കെട്ടിവ്ച്ച കാശു പോലും കിട്ടാത്ത വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നതിലെ രാഷ‌്ട്രീയം എന്താണ‌്? ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിക്കുന്നവർ, പ്രതിപക്ഷത്തിന്‍റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്നവർ എങ്ങനെയാണ് നരേന്ദ്ര മോഡിക്ക‌് ബദൽ ഉയർത്തുക. ഇതുപക്ഷത്തെ എതിർക്കുന്നതാണോ ഫാസിസത്തിന‌് എതിരായ പോരാട്ടം. ഇത‌് ഞങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും. അദ്ദേഹം പറയുന്നു.
വയനാട്ടില്‍ സി.പി.ഐ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആവശ്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ കെ.പി.സി.സി പ്രസിഡന്റ‌് ഞങ്ങളെ ഫാസിസത്തിന‌് എതിരായ സമരം പഠിപ്പിക്കേണ്ടതില്ലെന്ന‌് കാനം മറുപടി പറഞ്ഞു. അതിനായി അവിടെ ദക്ഷിണ കൊടുക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇവിടെ നടക്കുന്ന പോരാട്ടം ഫാസിസത്തിനെതിരെ എന്നു വ്യാഖ്യാനിക്കുന്ന മുല്ലപ്പള്ളിയുടെ രാഷ‌്ട്രീയ ധാരണക്ക‌് നമോവാകം–- കാനം പറഞ്ഞു. എസ്.എന്‍.ഡി.പിയില്‍ വെള്ളാപ്പള്ളിയും തുഷാറും രണ്ട് രാഷ്ട്രീയ നിലപാടുകാരാണെന്നും അച്ഛനും മകനും രണ്ട് നിലപാട് ആകുന്നത് ആദ്യ സംഭവമല്ലെന്നും കാനം പറഞ്ഞു.

വയനാട്ടില്‍ നടക്കുന്ന മത്സരം ദേശീയ രാഷ‌്ട്രീയത്തിൽ രാഹുൽ ഗാന്ധിക്ക‌് തിരിച്ചിടയാകും. ബി.ജെ.പിയുടെ സ‌്മൃതി ഇറാനിയെയും പി. പി സുനീറിനെയും ഒരുപോലെ കാണുന്ന രാഷ‌്ട്രീയം രാഹുലിന‌് ദോഷം ചെയ്യും. സ‌്മൃതി ഇറാനി വന്നപ്പോൾ അദ്ദേഹം അമേഠിയിൽ നിന്ന‌്ചുവടുമാറ്റി. അപ്പോൾ ഇവിടെ ബി.ജെ.പിയെ അല്ല എതിർക്കുന്നതെന്ന‌് അദ്ദേഹം മനസിലാക്കിയില്ല. കേരളത്തില്‍ കോൺഗ്രസിന്‍റെ ഗ്രൂപ്പു വഴക്ക‌് തീർക്കുന്നതിനായി അവർ ഒരുക്കിയ കെണിയിൽ രാഷ‌്ട്രീയമായ പക്വതയില്ലാത്ത നേതൃത്വം വീണുപോയി എന്നു ചിന്തിച്ചാൽ മതി.
രാഹുല്‍ ദേശീയ തലത്തില്‍ ഉയർത്തുന്ന മുദ്രവാക്യവും കേരളത്തിലെ തെരഞ്ഞെടുപ്പ‌് പോരാട്ടവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട‌്. കേരളത്തില്‍ ആരെയാണ് എതിർക്കുന്നത‌് എന്നതാണ് പ്രധാനം. ആം ആദ‌്മി പാർടി ഡൽഹിയിൽ വിളിച്ച 23 പ്രതിപക്ഷ പാർടികളുടെ യോഗത്തിൽ പ്രതിപക്ഷ ഐക്യത്തെ ക്കുറിച്ചായിരുന്നു ചർച്ച. അധികാരത്തില്‍ നിന്നും നരേന്ദ്ര മോഡിയെ താഴെ ഇറക്കാനുള്ള വിപുല ഐക്യത്തെക്കുറിച്ച‌് പറഞ്ഞിരുന്ന രാഹുൽ ഗാന്ധി ബി.ജെ.പിക്ക‌് കെട്ടിവച്ച കാശുപോയ മണ്ഡലത്തിൽ മത്സരിക്കുന്നതിന്‍റെ രാഷ‌്ട്രീയം ഞങ്ങൾക്ക‌് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
കേരളത്തില്‍ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. എൽ.ഡി.എഫിനെതിരായി ഒരാൾ വന്നാൽ ഞങ്ങൾ എതിർക്കണമല്ലോ. രാഹുൽ ഗാന്ധി വന്നാലും 20 സ്ഥനാർത്ഥികളിൽ ഒരാൾ എന്നതിൽ കവിഞ്ഞ‌് വലിയ പ്രത്യേകതകളൊന്നും കാണുന്നില്ല. പക്ഷേ അതു നൽകുന്ന സന്ദേശം ചുണ്ടിക്കാണിക്കും. അതിന്‍റെ പിന്നിലെ രാഷ‌്ട്രീ്യം എന്താണെന്ന‌് മറുപടി പറയേണ്ടി വരും. മുഖ്യമന്ത്രി ഇന്നലെ അതാണ‌് ചോദിച്ചത‌്. ബി.ജെ.പിയെ എതിർക്കാൻ ഞങ്ങളാണുള്ളത് എന്ന‌് പറഞ്ഞിരുന്നവർ ഇന്ന‌് മധ്യപ്രദേശിലൊക്കെ ചെയ്യുന്നത് അതിൽനിന്ന‌് എത്രയോ വ്യത്യസ‌്തമായ കാര്യങ്ങളാണ്.
വയനാട്ടിൽ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കും എന്നകാര്യത്തിൽ ഉറപ്പുണ്ട‌്. രാഹുൽ അമേഠിയാണ് കർമ്മഭുമിയെന്ന‌് പ്രഖ്യപിച്ചിട്ടുണ്ട‌്. അതുകൊണ്ട് തന്നെ വയനാട്ടിൽ ഒരു ഉപതെരഞ്ഞെടുപ്പ‌് ഒഴിവാക്കാൻ ജനം തീരുമാനിക്കും. മോഡി സർക്കാരിന്‍റെ ജനവിരുദ്ധ കർഷകവിരുദ്ധ നയങ്ങൾ ഞങ്ങൾ ചർച്ചയാക്കും. എൽ.ഡി.എഫ‌് സർക്കാരിന്‍റെ 1000 ദിന നേട്ടങ്ങളും പ്രചാരണായുധമാക്കും. സ്ഥാനാർത്ഥിയുടെ ശക്തിക്കല്ല ആശയത്തിന്‍റെ ശക്തിക്കാണ‌് പ്രധാന്യമെന്ന‌് അദ്ദേഹം ചോദ്യത്തിന‌് ഉത്തരമായി പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ പ്രവർത്തനം സാധാരണയിൽ കവി്ഞ്ഞ‌് കുറച്ചുകൂടി ശക്തമാക്കും.
രാഹുൽ കേരളത്തില്‍ മത്സരിക്കാന്‍ വരാതിരിക്കാൻ ഇടതുപക്ഷ നേതാക്കൾ സമ്മർദം ചെലുത്തിയതായി അറിയില്ല. ബി.ജെ.പി മത്സരിക്കാത്ത സീറ്റിൽ ഇടതുപക്ഷത്തിനെതിരെ എ.ഐ.സി.സി അധ്യക്ഷൻ മത്സരിക്കുന്നതിന്‍റെ രാഷ‌്ട്രീയം ചുണ്ടിക്കാട്ടി എന്നേയുള്ളൂ. അതിന്‍റെ ഫലം അവർ അനുഭവിക്കുക എന്നല്ലാതെ എന്തു പറയാൻ. സ്ഥാനാർഥിയെ അല്ലേ കൊണ്ടുവരാൻ കഴിയൂ. വോട്ടർമാരെ കൊണ്ടുവരാൻ പറ്റില്ലല്ലോ എന്നും കാനം ചോദിച്ചു.
