
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഇടത് മുന്നണി, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതായി പോലീസ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് മണ്ഡലത്തില്‍ പ്രചാരണം നടത്തുന്ന സ്ഥാനാര്‍ത്ഥികളായ പി.പി സുനീര്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്ക് ഗണ്മാന് ഉള്‍പ്പടെയുള്ള സുരക്ഷ ശക്തമാക്കി.
പ്രചാരണാര്‍ത്ഥം വനാതിര്‍ത്തിയില്‍ പര്യടനം നടത്തുന്ന സ്ഥാനാര്‍ത്ഥികളെ കൊലപ്പെടുത്താനോ തട്ടിക്കൊണ്ടു പോകാനോ സാദ്ധ്യതയുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സുരക്ഷ ശക്തമാക്കിയത്.

അതേസമയം, വയനാട്ടിലെ കര്‍ഷകര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ലഘുലേഖ വിതരണം ചെയ്തിരുന്നു. സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരില്‍ പുറത്തുവന്ന ലഘുലേഖ കല്‍പ്പറ്റ പ്രസ് ക്ലബില്‍ തപാല്‍മാര്‍ഗമാണ് എത്തിയത്. മാറിവരുന്ന സര്‍ക്കാരുകള്‍ കര്‍ഷകവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നുമാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മണ്ഡലമായതിനാല്‍ അതീവഗൗരവത്തോടെയാണ് പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് വയനാട്ടില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതിന് തൊട്ടുമുന്‍പാണ് ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിനെ ഏറ്റുമുട്ടലില്‍ വധിച്ചത്. ഈ സംഭവത്തിനുശേഷം വയനാട്ടില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
