
കഴിഞ്ഞ ദിവസമുണ്ടായ വിവാദമായ വാഹനാപകടക്കേസിലെ പ്രതിയായ വഫ ഫിറോസ് ഉന്നതരുമായുള്ള വലിയ സൗഹൃദശൃംഖലയുടെയുടെ ഉടമയാണെന്ന് പറയുന്നു. അപകടത്തിൽ മാദ്ധ്യമപ്രവർത്തകനായ കെ.എം ബഷീർ കാറിടിച്ച് മരണപ്പെട്ട സംഭവത്തിലെ മുഖ്യപ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന ഗൾഫിലെ മോഡലായ യുവതി വഫാ ഫിറോസിനെ ചുറ്റിപറ്റി ദുരൂഹതകള്‍ ഉയരുകയാണ്.
അപകടം നടന്നയുടൻ തന്നെ തന്‍റെ സൗഹൃദവലയത്തിലുള്ള ഉന്നതരായ നിരവധി ഉദ്യോഗസ്ഥരുമായി വഫ ഫോണിൽ ബന്ധപ്പെട്ടതായി ആരോപണമുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ മൂന്നാർ സബ് കളക്ടറായിരിക്കേ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് മതിപ്പ് തോന്നിയതുകൊണ്ടാണു ഫേസ്ബുക്ക് വഴി സുഹൃത്തുക്കളായതെന്നാണ് ഇവർ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.

ഇവർ യു. എ. ഇ യിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിച്ചുവരികയായിരുന്നു എങ്കിലും കുറച്ചു നാൾ മുമ്പ് വിവാഹബന്ധം വേർപെടുത്തിയിരുന്നു. . കൊല്ലത്തിനു സമീപമുള്ള നാവായിക്കുളത്താണ് വഫയുടെ കുടുംബ വീട്. ഇവിടുത്തെ വിലാസത്തിലാണ് അപകടത്തിൽ പെട്ട കാർ രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം പാർട്ടിയിൽ പങ്കെടുത്തശേഷം അർദ്ധരാത്രി ശ്രീറാം വഫയെ വിളിച്ചുവരുത്തിയെന്നാണു പോലീസിനു മൊഴി നൽകിയിരിക്കുന്നത്.
ശ്രീറാമിനെ കൂടാതെ വഫയ്‌ക്ക് നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമായി സൗഹൃദമുണ്ടെന്ന് പറയപ്പെടുന്നു. അടുത്തിടെ ഗൾഫിൽ പ്രതിയെ പിടികൂടാനെത്തിയ യുവ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് ഇവരാണ് സഹായം ചെയ്തത്. ശ്രീറാമിന്‍റെയും വഫയുടെയും മൊഴികളിൽ വൈരുദ്ധമുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാറിൽ പട്ടം മരപ്പാലത്തെ തന്‍റെ ഫ്ളാറ്റിലേക്കു പോകുകയായിരുന്നുവെന്നാണ് വഫയുടെ മൊഴിയെന്നും കവടിയാറിലെ തന്‍റെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
