വന്ധ്യതമൂലം വിഷമിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത; മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതിക്ക് കുഞ്ഞ് പിറന്നു

  • Post category:news
  • Reading time:1 min read
You are currently viewing വന്ധ്യതമൂലം വിഷമിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത; മരിച്ച സ്ത്രീയുടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതിക്ക് കുഞ്ഞ് പിറന്നു

ബ്രസീല്‍: വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മരിച്ച സ്ത്രീയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍നിന്ന് ലോകത്തിലാദ്യമായി പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചു.
ബ്രസിലിലെ 32കാരിയായ യുവതിയാണ് രണ്ടര കിലോ ഗ്രാം ഭാരം വരുന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മരിച്ചയാളില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍നിന്ന് ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കുന്ന ലോകത്തെ ആദ്യ സംഭവമാണ് ഇത്. മറ്റ് അവയവങ്ങളെ പോലെ തന്നെ മരണശേഷം ഗര്‍ഭപാത്രവും ദാനം ചെയ്യാമെന്ന അവസ്ഥ അനേകം പേര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാകും. മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റിലാണ് 17.7 ഇഞ്ച് നീളമുള്ള കുട്ടി ജനിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2016 സെപ്റ്റംബറിലായിരുന്നു യൂണിവേഴ്സിറ്റി ഓഫ് സാവേ പോളോയിലെ ദാസ് ക്ലിനിക്കസ് ആശുപത്രിയില്‍ മരിച്ച സ്ത്രീയില്‍ നിന്നുള്ള ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന സ്ത്രീയിലേയ്ക്ക് മാറ്റിവച്ചത്.ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്ത എം.ആര്‍.കെ.എച്ച് (മെയോര്‍ റൊക്കിസ്റ്റന്‍സി കെസ്റ്റര്‍ ഹൗസര്‍ സിന്‍ഡ്രോം) എന്ന പ്രത്യേക ശാരീരികാവസ്ഥയോടെ ജനിച്ചയാളാണ് സ്വീകര്‍ത്താവ്. സ്ട്രോക്ക് വന്നു മരിച്ച 45 വയസ് പ്രായമുള്ള സ്ത്രീയുടെ ഗര്‍ഭപാത്രം 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് യുവതിയില്‍ മാറ്റിവച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം രണ്ടുദിവസം യുവതിയുടെ ശരീരം ഗര്‍ഭപാത്രം പുറംതള്ളാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കിരുന്നു. ഗര്‍ഭപാത്രം മാറ്റിവച്ച് 37-ാം ദിവസം യുവതിക്ക് ആദ്യ ആര്‍ത്തവം ഉണ്ടായി. തുടര്‍ന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷം യുവതി ഗര്‍ഭിണിയാകുന്നിടം വരെ സ്ഥിരമായി ആര്‍ത്തവം ഉണ്ടാകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു വിധയമാകുന്നതിന് മുമ്പു തന്നെ യുവതിയുടെ അണ്ഡങ്ങള്‍ ശീതികരിച്ച് സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഐ.വി.എഫ് വഴി ആദ്യത്തെ ശ്രമത്തില്‍ തന്നെ ഇവര്‍ ഗര്‍ഭിണിയായി. ഗര്‍ഭത്തിന്റെ എട്ടാം മാസം സിസേറിയന്‍ വഴി ഇവര്‍ പൂര്‍ണ ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന് 17.7 ഇഞ്ച് നീളവും രണ്ടര കിലോ ഭാരവും ഉണ്ട്. ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ 11 സ്ത്രീകള്‍ക്ക് ഇതുവരെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയിലായിരുന്നു ഇത്തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയ.

0Shares