വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവം; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവം; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഷംഷാബാദില്‍ വനിതാ മൃഗഡോക്ടറെ ബലാത്സംഗംചെയ്ത് കൊന്നശേഷം ചുട്ടെരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോക്ടറെ കാണാതായെന്ന പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്.സബ് ഇന്‍സ്‌പെക്ടര്‍ രവി കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വേണു ഗോപാല്‍, സത്യനാരായണ ഗൗഡ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന്‌ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിനടുത്തുള്ള ഷാഡ്നഗര്‍ പോലീസ് സ്റ്റേഷനുചുറ്റും തടിച്ചുകൂടിയ ആളുകള്‍ പോലീസിനുനേരെ ചെരിപ്പുംമറ്റും വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്. ഇവരെ പിരിച്ചുവിടാനായി പോലീസ് പിന്നീട് ലാത്തിച്ചാര്‍ജ് നടത്തി. വിചാരണയില്ലാതെതന്നെ പ്രതികളെ തൂക്കിക്കൊല്ലണമെന്നായിരുന്നു ജനക്കൂട്ടത്തിന്‍റെ ആവശ്യം.

ശനിയാഴ്ച തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ യുവതിയുടെ വീട് സന്ദര്‍ശിച്ച് അച്ഛനമ്മമാരെ ആശ്വസിപ്പിച്ചു. ആഭ്യന്തരമന്ത്രി മഹമൂദ് അലി, മന്ത്രിമാരായ ശ്രീനിവാസ് യാദവ്, സബിത ഇന്ദ്ര റെഡ്ഡി തുടങ്ങിയവരും യുവതിയുടെ വീട്ടിലെത്തി.ഇതിനിടെ, പോലീസിനെതിരേ യുവതിയുടെ ബന്ധുക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. യുവതിയെ കാണാതായെന്ന പരാതി നല്‍കാന്‍ സമീപിച്ച തങ്ങളെ ഒരു പോലീസ് സ്റ്റേഷനില്‍നിന്ന് മറ്റൊന്നിലേക്ക് അധികൃതര്‍ പറഞ്ഞയച്ചതായാണ് അവരുടെ ആരോപണം.

ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയിലെ ഷംഷാബാദിലുള്ള ടോള്‍ബൂത്തിന് സമീപമാണ് ബുധനാഴ്ച രാത്രി 26-കാരിയായ ഡോക്ടറെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗംചെയ്ത് കൊന്നത്. ലോറിഡ്രൈവറായ മുഹമ്മദ് ആരിഫും കൂട്ടാളികളായ ജോളു നവീന്‍ (ക്ലീനര്‍), ചെന്ന കേശവുലു (ക്ലീനര്‍), ജോളു ശിവ (ഡ്രൈവര്‍) എന്നിവരുംചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. പ്രതികളെല്ലാം 30 വയസ്സില്‍ താഴെയുള്ളവരാണ്. സി.സി.ടി.വി. ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ഇവരെ പോലീസ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

0Shares