
പാലക്കാട്: യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് താല്‍കാലിക ആശ്വാസം. ഹൂതികളുടെ ശക്തികേന്ദ്രമായ അല്‍ബൈയ്ദയിലെ ജയിലില്‍ കഴിയുകയായിരുന്ന നിമിഷപ്രിയയെ തലസ്ഥാനമായ സനയിലെ ജയിലിലേക്ക് മാറ്റി. ഇതോടെ നിമിഷയ്ക്ക് നിയമ സഹായങ്ങള്‍ ലഭിക്കാന്‍ സൗകര്യം ലഭിക്കും. ഇതിനായി അഭിഭാഷകനെ ഇന്ത്യന്‍ എംബസി ഏര്‍പ്പാടാക്കിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സന്നദ്ധപ്രവര്‍ത്തകരും ഇടപെട്ടതിനെ തുടര്‍ന്നാണ് നിമിഷയെ സനയിലേക്ക് മാറ്റിയത്. തനിക്ക് സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ച് നിമിഷ എഴുതിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു.
എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടപ്പെടാം, എന്നെ സഹായിക്കണം എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഈ കത്ത് ലഭിച്ചതിനെ തുടര്‍നന്നാണ് തുടര്‍ന്നാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെട്ടത്. യെമന്‍ പൗരനായ തലാല്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷയ്ക്ക് വധശിക്ഷ ലഭിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാനാണ് തലാലിന്റെ സഹായം നിമിഷ തേടിയത്. എന്നാല്‍, താന്‍ ഭാര്യയാണെന്നു തലാല്‍ പലരെയും വിശ്വസിപ്പിക്കുകയും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കുകയും ചെയ്തു. പിന്നീട് നിമിഷയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ലൈംഗിക വിര്‍ത്തിക്ക് നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കത്തിലും അടിപിടിയിലുമാണ് തലാല്‍ കൊല്ലപ്പെട്ടത്.