വട്ട പൂജ്യത്തിൽ നിന്നും അധികാരത്തിലേക്ക്; ത്രിപുരയില്‍ ബി.ജെ.പി നടത്തിയത് കൃത്യതയും സൂക്ഷ്മതയുമുള്ള നീക്കങ്ങള്‍; ഇടതുപക്ഷത്തിന്റെ മടയിൽ താമര വിരിഞ്ഞത് എങ്ങിനെ എന്നറിയാം

  • Post category:news
  • Reading time:2 mins read
You are currently viewing വട്ട പൂജ്യത്തിൽ നിന്നും അധികാരത്തിലേക്ക്; ത്രിപുരയില്‍ ബി.ജെ.പി നടത്തിയത് കൃത്യതയും സൂക്ഷ്മതയുമുള്ള നീക്കങ്ങള്‍; ഇടതുപക്ഷത്തിന്റെ മടയിൽ താമര വിരിഞ്ഞത് എങ്ങിനെ എന്നറിയാം

അഗര്‍ത്തല: വിദഗ്ധമായ ആസൂത്രണത്തിന്റെയും തന്ത്രങ്ങളുടെയും വിജയമാണ് ചെങ്കോട്ടയില്‍ കാവിക്കൊടി പാറിക്കാന്‍ ബി.ജെ.പിക്ക് അവസരമൊരുക്കിയത്. അഗര്‍ത്തലയില്‍ നിന്നു ധര്‍മനഗറിലേക്കു രാവിലെ ആറിനു പുറപ്പെടുന്ന ട്രയിനില്‍, മോദിയുടെ ടീ ഷര്‍ട്ട് ധരിച്ച ബിജെപി പ്രവര്‍ത്തകര്‍ ലഘുലേഖകള്‍ സ്ഥിരമായി വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു. ട്രെയിനില്‍നിന്ന് ദിവസേന ശേഖരിച്ച ഫോണ്‍ നമ്പരുകളിലെ വാട്‌സ് ആപിലേക്ക് ബി.ജെ.പിയുടെ സന്ദേശങ്ങളെത്തിച്ചു. പിന്നീട് ഫോണ്‍ നമ്പരുകളുടെ വലിയ പട്ടിക തയ്യാറാക്കി മണ്ഡലാടിസ്ഥാനത്തില്‍ വിഭജിച്ചു. ഇതോടൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പറയാന്‍ കോള്‍ സെന്റര്‍ ആരംഭിച്ചു.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞരില്‍ പ്രധാനിയും ആര്‍എസ്എസ് നേതാവുമായ സുനില്‍ ദേവ്ധറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ത്രിപുരയില്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ദേവ്ധറെ കൂടാതെ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനര്‍ ഹിമന്ത ബിശ്വ ശര്‍മയും സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ ബിപ്ലബ് ദേബുമടങ്ങുന്ന മൂന്നംഗ സംഘത്തെയാണ് ത്രിപുര പിടിക്കാന്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരുന്നത്.

ബി.ജെ.പിക്കുവേണ്ടി മുന്‍പും നിര്‍ണായക നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട് ദേവ്ധര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വാരാണസിയില്‍ മത്സരിച്ചപ്പോള്‍ പ്രചാരണച്ചുമതല മഹാരാഷ്ട്രക്കാരനായ ദേവ്ധറിനായിരുന്നു. അതിനു മുമ്പ് മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാല്‍ഘര്‍ ജില്ലയുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇവിടെ സി.പി.എമ്മിനുണ്ടായിരുന്ന ഏക സീറ്റ് പിടിച്ചെടുക്കുന്നതില്‍ ബി.ജെ.പി. വിജയിച്ചത് ദേവ്ധറിന്റെ നേതൃത്വത്തിലായിരുന്നു. ഇതാണ് ത്രിപുരയുടെ ചുമതല ദേവ്ധറിനെ ഏല്‍പിക്കാന്‍ അമിത് ഷായെ പ്രേരിപ്പിച്ചത്.

ആധുനിക സാങ്കേതിക വിദ്യകളൊക്കെ സമര്‍ഥമായി ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു ത്രിപുരയില്‍ ബി.ജെ.പിയുടെ പ്രചരണ പരിപാടികള്‍. തിരഞ്ഞെടുപ്പിന് വളരെ മുന്‍പുതന്നെ ഇത് ആരംഭിച്ചിരുന്നു. പരമാവധി വോട്ടര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ ശേഖരിക്കുകയും സ്മാര്‍ട്ഫോണ്‍ ഉള്ളവര്‍ക്ക് വാട്സ്ആപ്പ് വഴിയും മറ്റുള്ളവര്‍ക്ക് മെസ്സേജുകള്‍ വഴിയും പ്രചാരണ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു. ‘മോദി ദൂത് യോജന’ എന്നായിരുന്നു ഈ പ്രചാരണ പരിപാടിയുടെ പേര്.

ബി.ജെ.പി അംഗത്വത്തിന് ഓണ്‍ലൈന്‍ സംവിധാനമായിരുന്നു മറ്റൊരു തന്ത്രം. 2009 ല്‍ പതിനയ്യായിരത്തില്‍ താഴെയായിരുന്നു ബിജെപി അംഗത്വം. 2015 ല്‍ ഇതു 1,75,000 ആയി. സി.പി.എം ഉപയോഗിക്കാന്‍ മടിച്ച സോഷ്യല്‍ മീഡിയ ബി.ജെ.പി നന്നായി ഉപയോഗിച്ചു. ചെറിയ വിഡിയോകളും കാര്‍ട്ടൂണുകളും തയ്യാറാക്കി പ്രചരിപ്പിച്ചു. മൂന്നുവര്‍ഷത്തിനിടെ 52 കേന്ദ്രമന്ത്രിമാരാണ് ത്രിപുര സന്ദര്‍ശിച്ചത്. അവരെ ജനങ്ങളുമായി അടുപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചു. ഇതെല്ലാം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കി. പതുക്കെ പതുക്കെ ബി.ജെ.പി സംസ്ഥാന ഭരണം പിടിച്ചു.

0Shares