
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മേയര്‍ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റാണ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തത്. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ജില്ലാകമ്മിറ്റിയില്‍ ഭിന്നത ഉടലെടുത്തിരുന്നു.വട്ടിയൂര്‍കാവില്‍ പ്രശാന്ത് വേണ്ടെന്ന നിലപാട് ആയിരുന്നു ജില്ലാകമ്മറ്റിയുടെത്.

കെ.എസ് സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടിലായിരുന്നു പാര്‍ട്ടി ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. വി.കെ. പ്രശാന്ത്, മുന്‍ മന്ത്രിയും കെ.ടി.ഡി.സി ചെയര്‍മാനുമായ എം.വിജയകുമാര്‍, കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. എസ്. സുനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്.
നായര്‍ സമുദായത്തില്‍പ്പെട്ടവര്‍ 42 ശതമാനമുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. എന്നാല്‍, പ്രളയകാലത്ത് ദുരിതബാധിതര്‍ക്കായി സഹായങ്ങള്‍ ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങിയതും യുവജനങ്ങള്‍ക്കിടയില്‍ ഉള്ള സ്വീകാര്യതയും കണക്കുകൂട്ടിയാണ് ജാതിസമവാക്യങ്ങള്‍ മാറ്റിവെച്ചും പ്രശാന്തിലേക്ക് പാര്‍ട്ടി എത്തിയിരിക്കുന്നത്. പ്രശാന്തിനെ പോലൊരാളെ നിര്‍ത്തിയാല്‍ മണ്ഡലം തിരിച്ചു പിടിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായം അറിയിച്ചിട്ടുണ്ട്.
