ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ ശംഭുലാലിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം

  • Post category:news
  • Reading time:1 min read
You are currently viewing ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ ശംഭുലാലിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം

രാജസ്ഥാന്‍: ലൗ ജിഹാദാരോപിച്ച് മുസ്ലിം യുവാവിനെ മഴുകൊണ്ട് വെട്ടിവീഴ്ത്തി ചുട്ടുകരിച്ച കേസിലെ പ്രതി ശംഭുലാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കും. കഴിഞ്ഞ വര്‍ഷമാണ് ബംഗാള്‍ സ്വദേശിയായ അഫ്‌റസൂല്‍ ഘാന്‍ എന്നയാളെ ശംഭുലാല്‍ ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനിലെ രാജ്സാമന്തില്‍ വെച്ച് മഴുവിന് വെട്ടി ചുട്ടു കൊലപ്പെടുത്തിയത്. കൊലപാതക്കേസില്‍ അറസ്റ്റിലായി ജയിലിലയച്ചിരുന്നു. എന്നാല്‍ സംഭവത്തെ അനുകൂലിച്ച് ശംഭുലാലിന്റെ അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷങ്ങള്‍ എത്തിയിരുന്നു. ഇതിനിടെയാണ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശംഭുലാല്‍ മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. ശംഭുലാല്‍ അഫ്‌റസൂലിനെ ചുട്ടെരിക്കുന്നത് പതിനഞ്ച്കാരനായ മരുമകന്‍ ആണ് ഇയാളുടെ നിര്‍ബന്ധ പ്രകാരം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ഒരു യുവതിയുമായി ശംഭുലാലിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് നവ നിര്‍മ്മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയായാണ് ശംഭുലാല്‍ മത്സരിക്കുക. ശംഭുലാല്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന് സമ്മതിച്ചതായി ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന നേതാവായ അമിത ജനിയ പറഞ്ഞു. ആഗ്രയില്‍ ശംഭുലാലിനേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ ഞങ്ങളുടെ പാര്‍ട്ടിക്ക് കിട്ടാനില്ല. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ശംഭുലാലുമായി അടുത്ത ബന്ധമാണുള്ളതെന്നും ജനി വ്യക്തമാക്കി. തനിക്ക് കൊലപാതകത്തില്‍ ഒരു കുറ്റബോധമില്ലെന്നും തന്റെ ജീവന് ജയിലില്‍ വധ ഭീഷണിയുണ്ടെന്നും ജയില്‍ നിന്ന് റെക്കോഡ് ചെയ്ത് പുറത്തുവിട്ട വീഡിയോയില്‍ ഇയാള്‍ വ്യക്തമാക്കിയിരുന്നു. വളരെ സുരക്ഷിതമായി ജയിലില്‍ തന്നെയാണ് താന്‍ ഉള്ളത്. എന്നാല്‍ ജീവന് ഭീഷണിയുണ്ട്. അതേസമയം ശംഭുലാലിന്റെ വീഡിയോ പുറത്തെത്തിയതോടെ ജയിലിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച കാര്യത്തില്‍ അന്വേഷണം നടത്താന്‍ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ ഉത്തരവിട്ടിരുന്നു.

0Shares