തിരുവനന്തപുരം: പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി വി.എസ് അച്യുതാനന്ദന്‍ സമരപ്പന്തലിലെത്തി. തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പളായ ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ലോ അക്കാദമിയില്‍ സമരം നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്നും ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്നും വി. എസ് അഭിപ്രായപ്പെട്ടു.

അതേ സമയം, ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഇന്ന് വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച്ച നടത്തും. ആദ്യം വിദ്യാര്‍ത്ഥികളുമായും പിന്നീട് മാനേജുമെന്റുമായുമാണ് ചര്‍ച്ച നടത്തുന്നത്. വൈകുന്നേരം നാല് മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച നടത്തുക.