തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തില്‍ സംഘര്‍ഷം. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നടത്തിയ റോഡ് ഉപരോധമാണ് സംഘര്‍ത്തിലേക്ക് നീങ്ങിയത്. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കിയും ലാത്തിചാര്‍ജ്ജും പ്രയോഗിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ലോ അക്കാദമിക്ക് മുന്നില്‍ ബി.ജെ.പി നേതാവ് വി മുരളീധരന്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇവരെ നീക്കംചെയ്യാനെത്തിയ പോലീസിനു നേരെ കല്ലേറും അക്രമവും നടന്നു. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

ആറ് തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
