ടെക്സാസ്: ലോക പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ഇ സി ജോര്‍ജ് സുദര്‍ശന്‍(86) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അമേരിക്കയിലെ ടെക്സാസിലായിരുന്നു അന്ത്യം. സൈദ്ധാന്തികഭൗതികത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗവേഷകനാണ് സുദര്‍ശന്‍. ഒന്‍പത് തവണ നൊബേല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന് ആ ബഹുമതി നല്‍കാതിരുന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ റോബര്‍ട്ട് മാര്‍ഷാക്കുമായി ചേര്‍ന്ന് സുദര്‍ശന്‍ രൂപംനല്‍കിയ ‘വി മൈനസ് എ’ സിദ്ധാന്തമാണ് ക്ഷീണബലരഹസ്യത്തിന്റെ താക്കോലായി മാറിയത്. ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്റ്റിക്‌സ്) എന്ന പഠനശാഖയ്ക്ക് 1960 കളില്‍ അടിത്തറിയിട്ടതിലെ പ്രധാനിയും ഇദ്ദേഹമാണ്. പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്യോണുകളെന്ന സൈദ്ധാന്തിക കണങ്ങളെക്കുറിച്ചും സുദര്‍ശന്‍ പ്രവചനം നടത്തി. ക്വാണ്ടംവ്യൂഹങ്ങളെ തുടര്‍ച്ചയായി നിരീക്ഷിച്ചാല്‍ എന്തുസംഭവിക്കും എന്നകാര്യം പരിഗണിക്കുന്ന ‘ക്വാണ്ടം സെനോ ഇഫക്ട്’ ആണ് സുദര്‍ശന്റെ മറ്റൊരു സംഭാവന.
കോട്ടയം ജില്ലയിലെ പള്ളത്ത് എണ്ണയ്ക്കല്‍ തറവാട്ടില്‍ ഇ.ഐ ചാണ്ടിയുടെയും അച്ചാമ്മയുടെയും മകനായി 1931 സെപ്റ്റംബര്‍ പതിനാറിനാണ് സുദര്‍ശന്‍ ജനിച്ചത്. ചെറുപ്പത്തില്‍, എണ്ണയിടാന്‍ പിതാവ് താഴെയിറക്കിയ വീട്ടിലെ മുത്തച്ഛന്‍ ഘടികാരത്തിനുള്ളിലെ ചക്രങ്ങള്‍ കണ്ടപ്പോഴാണ് തന്നില്‍ ശാസ്ത്രകൗതുകം ഉണര്‍ന്നതെന്ന് സുദര്‍ശന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കോട്ടയം സി.എം.എസ് കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ്, മദ്രാസ് സര്‍വകലാശാലയിലുമായിരുന്നു ഉന്നതപഠനം. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ 1952 മുതല്‍ ’55 വരെ റിസര്‍ച്ച് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. 1957 ല്‍ ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റായ അദ്ദേഹം 1958 ല്‍ അവിടെനിന്നു തന്നെ പിഎച്ച്ഡി നേടി. 59 ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനായി. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലും ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് മാത്തമാറ്റിക്‌സ് സയന്‍സിലും പ്രവര്‍ത്തിച്ചിരുന്നു. ഭൗതികശാസ്ത്ര സമസ്യകളും ഇന്ത്യന്‍ വേദാന്തവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങള്‍ ആയിരുന്നു. ഈ കാലഘട്ടത്തിന് രാജ്യം നല്‍കിയ ഏറ്റവും വലിയ ഭൗതികശാസ്ത്ര പ്രതിഭയാണ് ഓര്‍മ്മയായയത്.
ഒമ്പതു തവണ നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. പത്മഭൂഷണ്‍(1976), പത്മവിഭൂഷണ്‍(2007) എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഭാമതിയാണ് ഭാര്യ. മൂന്നുമക്കളുണ്ട്.
ലോക പ്രശസ്തനായ മലയാളി ഭൗതികശാസ്ത്രജ്ഞന്‍ ഡോ. ഇ.സി.ജി സുദര്‍ശന്‍ അന്തരിച്ചു